ആലപ്പുഴ: കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ നാശനഷ്ടമുണ്ടായ ലോട്ടറി വില്‍പ്പനക്കാരെയും സഹായം നല്‍കാതെ സര്‍ക്കാര്‍ അവഗണിച്ചതായി ആക്ഷേപം. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് പൂട്ടാതെ സഹായിക്കുന്ന നിര്‍ധനരായ ഭാഗ്യക്കുറി വില്‍പ്പനക്കാരോടാണ് ഈ അനീതി. മഹാപ്രളയത്തില്‍ വില്‍പ്പന ഉപാധികളും, ഭാഗ്യക്കുറികളും വെള്ളം കയറി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടത്തിന് തുല്യമായ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇതു പ്രകാരം രണ്ടര കോടിയുടെ നഷ്ടപരിഹാര അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍, വിതരണം ചെയ്തതാകട്ടെ കേവലം അഞ്ചു ലക്ഷം രൂപ. ഇതില്‍ തന്നെ സര്‍ക്കാരിന് താല്‍പ്പര്യമുള്ള ചിലര്‍ക്ക് മാത്രമാണ് സഹായം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആശ്രയ എന്ന പേരില്‍ ലോട്ടറി ഏര്‍പ്പെടുത്തിയപ്പോള്‍, അത് വില്‍ക്കുന്നതിന് മുന്നില്‍ നിന്നതും ലോട്ടറി തൊഴിലാളികളായിരുന്നു.
പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സഹസ്രകോടികള്‍ സ്ഥിരനിക്ഷേപമായി ബാങ്കുകളിലുള്ളപ്പോഴാണ് ലോട്ടറി വില്‍പ്പനക്കാരെ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതെന്നാണ് വിമര്‍ശനം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നത് ലോട്ടറി വില്‍പ്പനക്കാര്‍ ദിവസേന ട്രഷറിയില്‍ 35 കോടിയോളം രൂപ അടയ്‌ക്കുന്നതിനാലാണ്. എന്നിട്ടും വില്‍പ്പനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് വാഗ്ദാനങ്ങള്‍ മാത്രം. തൊഴിലില്ലായ്‌മ വേതനം, മറ്റു ക്ഷേമ പെന്‍ഷനുകള്‍ എന്നിവ ഓണം പ്രമാണിച്ച് വിതരണം ചെയ്ത് തുടങ്ങിയെങ്കിലും ലോട്ടറി വില്‍പ്പനക്കാരുടെ ഓണം ആനുകൂല്യം ഇതുവരെ നല്‍കാന്‍ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ മാസം 29 മുതല്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയില്‍ വര്‍ധന ഏര്‍പ്പെടുത്താനും തയാറായിട്ടില്ല. സമൂഹത്തിലെ ഏറ്റവും അവശരും, ദരിദ്രരും ഉള്‍പ്പെടുന്ന വിഭാഗങ്ങളാണ് ലോട്ടറി വില്‍പ്പനക്കാരില്‍ ബഹുഭൂരിപക്ഷവും.
















