ന്യൂദല്‍ഹി: ഏറെ കൊട്ടിഘോഷിച്ച് 2006ല്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബി കൊണ്ടുവന്ന സ്വാശ്രയ ബില്ലിനെ പൂര്‍ണമായും കൈവിട്ട് പിണറായി വിജയന്‍ സര്‍ക്കാര്‍. സ്വാശ്രയ ബില്ലിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് പിന്‍വലിച്ചു. എഞ്ചിനീയറിങ് കോളേജുകള്‍ക്കായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയാണ് ബേബിയുടെ സ്വാശ്രയ ബില്ലിനെ കൈവിട്ടത്.
സ്വാശ്രയ ബില്ലിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോഴാണ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കേരളം അറിയിച്ചത്. ഇതോടെ ബേബിയുടെ സ്വാശ്രയ ബില്ലിനെ പൂര്‍ണ്ണമായും ഇടതു സര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് വ്യക്തമായി.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ അധികാരം എത്രയുണ്ടെന്നതു സംബന്ധിച്ച് വിശദമായ വിധിപ്രസ്താവം ഉടനുണ്ടാവുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. സ്വാശ്രയബില്ലിലെ വിധിക്കെതിതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ ബെഞ്ച് കേരള സര്‍ക്കാരിന് അനുമതി നല്‍കി.
















