പത്തനംതിട്ട: പാട്ടവ്യവസ്ഥ ലംഘിച്ചതിന് പമ്പ ദേവസ്വം ബോര്‍ഡ് കോളേജിന്റെ പാട്ടക്കരാര്‍ റദ്ദാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള പരുമലയിലെ പമ്പാ കോളേജിന്റെ 19.5 ഏക്കറോളം സ്ഥലത്തിന്റെ പാട്ടം റദ്ദാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വ്യവസ്ഥ ലംഘിച്ച് ഉപയോഗശൂന്യമായി ഇട്ടെന്നതാണ് പാട്ടം റദ്ദാക്കാനുള്ള കാരണമായി പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്‍കി. പമ്പ ദേവസ്വം ബോര്‍ഡ് കോളേജിന്റെ കടപ്ര വില്ലേജിലെ 298, 263/3,260/1 എന്നീ സര്‍വെ നമ്പറിലുള്ള സ്ഥലത്തിന്റെ പാട്ടമാണ് റദ്ദാക്കുന്നതെന്നാണ് രേഖകള്‍.
പാട്ടവ്യവസ്ഥ ലംഘിച്ചതോ, പാട്ടത്തുക അടയ്‌ക്കാത്തതോ ആണ് പാട്ടം റദ്ദുചെയ്യാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരാധാനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി 26ഓളം സ്ഥാപനങ്ങളുടെ പാട്ടമാണ് റദ്ദാക്കുന്നത്.
ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുക്കാല്‍ കോടി രൂപയോളം പാട്ടക്കുടിശിക വരുത്തിയെന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്. റാന്നി താലൂക്കിലാണ് പാട്ടവ്യവസ്ഥകളുടെ ലംഘനം അധികവും. ഇവിടെ പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. കോഴഞ്ചേരിയിലും തിരുവല്ലയിലും അഞ്ചു വീതവും അടൂരും മല്ലപ്പള്ളി താലൂക്കിലും ഒരോന്ന് വീതവും പാട്ടം റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കോന്നി താലൂക്കില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
















