കൊച്ചി: സിഐടിയു സമരത്തെ തുടര്‍ന്ന് കേരളത്തിലെ 15 ശാഖകള്‍ കൂടി പൂട്ടുന്നതായി മുത്തൂറ്റ് ഫിനാന്‍സ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടക്കല്‍ അടക്കം 15 ശാഖകള്‍ പൂട്ടുന്നതായി പരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം തുടരുന്നതിനിടെയാണ് ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ എത്തിയ ജീവനക്കാരെ സിഐടിയു തടഞ്ഞിരുന്നു.
സംഭവ സ്ഥലത്തെത്തിയ ഉടമ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനേയും സമരക്കാര്‍ തടഞ്ഞുവെക്കുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പോലീസ് എത്തി നിയന്ത്രിക്കുകയുമായിരുന്നു. സമരം മറികടന്ന് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് ജീവനക്കാര്‍ രാവിലെ മുതല്‍ മൂത്തൂറ്റ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍ സിഐടിയു പ്രവര്‍ത്തകര്‍ അവരെ തടയുകയായിരുന്നു. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. അതിനു പിന്നാലെയാണ് ശാഖകള്‍ പൂട്ടുന്നതായി അറിയിച്ചത്.
അതേസമയം പുതിയതായി വരുന്ന ഗോള്‍ഡ് ലോണുകള്‍ ഇനി സ്വീകരിക്കില്ല. ഇപ്പോള്‍ എടുത്തിട്ടുള്ള പണയ ഉരുപ്പടി തിരിച്ചെടുക്കാന്‍ മൂന്ന് മാസ സമയം അനുവദിക്കുന്നതായും മുത്തുറ്റ് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ വേദനയുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ സിഐടിയു നേതൃത്വത്തില്‍ സിഐടിയു സമരം നടത്തി വരികയാണ്. കേരളത്തിലാകെ 600 ഓളം ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിനുള്ളത്. ഇതില്‍ 300 ഓളം ശാഖകളിലാണ് സമരം നടക്കുന്നത്.
















