തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ റിപ്പോര്‍ട്ട്. ആത്മഹത്യകുറിപ്പ് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകളും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ശ്രീജിവിനെ ദേഹപരിശോധന നടത്തുന്നതിലടക്കം വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശയുണ്ട്. എന്നാല്‍ ശ്രീജീവിന്റെത് കസ്റ്റഡിമരണം ആണെന്ന് ഉറച്ചുനില്‍ക്കുകയാണ് സഹോദരന്‍ ശ്രീജിത്ത്. കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത്.
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് കസ്റ്റഡി മരണക്കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരാണു തീരുമാനിച്ചത്. ഇക്കര്യം ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരത്തിലാണ്. സംഭവം കൊലപാതകമെന്നായിരുന്നു പൊലീസം കംപ്‌ളെയ്ന്റ്‌സ് അതോറിറ്റിയുടെ കണ്ടെത്തല്‍.
2014 മെയിലാണ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരണപ്പെട്ടത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദനമേറ്റതിനെതുടര്‍ന്നാണ് മരണം എന്നാരോപിച്ചാണ് സഹോദരന്‍ സമരം ആരംഭിച്ചത്. പാറശാല പൊലീസ് 2014 മേയ് 19നു കസ്റ്റഡിയിലെടുത്ത ശ്രീജീവ് 21നു മരിച്ചു. കസ്റ്റഡിയില്‍ വിഷം കഴിച്ചെന്നായിരുന്നു പൊലീസ് വാദം. ശ്രീജീവിന്റെ സഹോദരന്റെ പരാതിയില്‍ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി നിയോഗിച്ച പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഈ വാദം കള്ളമാണെന്നു കണ്ടെത്തി. ശ്രീജീവിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പൊലീസ് വിഷം കഴിപ്പിച്ചതാണെന്നും കണ്ടെത്തി. പൊലീസ് കംപ്‌ളയിന്റ്‌സ് അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഡിജിപി വിസമ്മതിച്ചിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും വൃഷണങ്ങള്‍ മര്‍ദനമേറ്റു വീര്‍ത്ത നിലയിലായിരുന്നുവെന്നും സഹോദരന്‍ ശ്രീജിത് അതോറിറ്റിക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിഷം കഴിച്ചയാള്‍ക്കു നല്‍കുന്ന പ്രതിരോധമരുന്ന് അളവില്‍ കൂടുതല്‍ നല്‍കി. രക്തം കലര്‍ന്ന മൂത്രമാണു പുറത്തെത്തിയത്. കൈകാലുകള്‍ രണ്ടും കിടക്കയില്‍ ബന്ധിച്ച നിലയിലായിരുന്നു. 2013ലെ ഒരു മൊബൈല്‍ മോഷണക്കേസുമായി ബന്ധപ്പെട്ടു ശ്രീജിവിനെ കസ്റ്റഡിയിലെടുത്തു എന്നായിരുന്നുപൊലീസിന്റെ വിശദീകരണം. എന്നാല്‍, അയല്‍പക്കത്തെ പെണ്‍കുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി നിശ്ചയിച്ച പെണ്‍കുട്ടിയുടെ വിവാഹം ശ്രീജിവ് മുടക്കുമോ എന്ന സംശയത്തില്‍ പെണ്‍കുട്ടിയുടെ പിതാവും, ബന്ധുവായ പൊലീസുകാരനും ചേര്‍ന്നാണ് ശ്രീജിവിനെ കുടുക്കിയതെന്നായിരുന്നു പൊലീസ് കംപ്‌ളയിന്റ്‌സ് അതോറിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍, ആ കണ്ടെത്തല്‍ ശരിയല്ലെന്ന റിപ്പോര്‍ട്ടാണ് സിബിഐ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
















