ഇസ്ലാമബാദ് : അന്യാധീനപ്പെടുത്താന്‍ സാധിക്കാത്ത ഇന്ത്യയുടെ ഭാഗമാണ് കശ്മീരെന്ന് അന്താരാഷ്‌ട്ര കോടതിയിലെ പാക് അഭിഭാഷകന്‍ ഖവാര്‍ ഖുറേഷി. ലാഹോറില്‍ സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാക്കിസ്ഥാന് വേണ്ടി ഹാജരായതും ഖുറേഷിയാണ്. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും രണ്ട് കണ്ണുകളിലൂടെയാണ് വീക്ഷിക്കുന്നതെന്നും ഖുറേഷി പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നതിനായി പരിശ്രമിക്കുമ്പോഴാണ് ഖുറേഷിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത് കശ്മീര്‍ സംബന്ധിച്ച് അന്താരാഷ്‌ട്ര ശ്രദ്ധയില്‍ പെടുത്താന്‍ പാക്കിസ്ഥാന്‍ പല തവണ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായത്. ജമ്മു കശ്മീര്‍ നിയമ പരമായി ഇന്ത്യയുടേതാണെന്നും, അവിഭാജ്യ ഘടകമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. വിഷയത്തില്‍ ചൂണ്ടിക്കാട്ടാവുന്ന വിധത്തില്‍ തെളിവുകളൊന്നും പാക്കിസ്ഥാന്റെ പക്കലില്ല. ഇന്ത്യയിലും പല വ്യക്തികളും പങ്കുവെയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവ എത്രത്തോളം സത്യസന്ധമാണെന്ന് പാക്കിസ്ഥാന് ഒരു അവകാശവാദവും ഉന്നയിക്കാന്‍ സാധിക്കില്ല.
ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവിക്കു പകരം കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ സ്വന്തം ഭരണ പ്രദേശത്തിലുള്ള അവകാശങ്ങള്‍ വിനിയോഗിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഉന്നയിക്കുന്ന പല വാദങ്ങളും വ്യാജമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഖുറേഷിയുടെ ഈ പ്രസ്താവന. രാജ്യത്തെ സര്‍ക്കാരിനെ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ പരുങ്ങലില്‍ ആക്കുന്നത് കൂടിയാണ് ഇത്.
















