പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു. ഗുരുധര്‍മ്മ പ്രകാശസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരുന്നു അദ്ദേഹം. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 22 ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി 9.15 നായിരുന്നു അന്ത്യം. ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും. രാവിലെ മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.കോട്ടയം കൂരോപ്പട എന്ന സ്ഥലത്ത് ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍ തോമസിന്റെയും അക്കാമ്മയുടെയും മകനായി 1948 മെയ് അഞ്ചിനായിരുന്നു ജനനം. ഒരു ജ്യേഷ്ഠ സഹോദരനും രണ്ട് സഹോദരിമാരും ഉണ്ട്. പത്താം വയസ്സില്‍ മാതാപിതാക്കളോടൊപ്പം ആദ്യം കുമിളിയിലും പിന്നെ അമരാവതിയിലും താമസമാക്കി. അവിടെ വച്ച് തയ്യല്‍ പഠിച്ചു. നല്ല തയ്യല്‍ക്കാരനായി.1976 ലാണ് ആദ്യമായി കരുണാകര ഗുരുവിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഗുരുവിന്റെ ശിഷ്യനായി, സന്ന്യാസിയായി വര്‍ഷങ്ങളോളം കേന്ദ്രാശ്രമത്തില്‍ കര്‍മ്മം ചെയ്തതിനുശേഷം കല്ലാര്‍ (ഇടുക്കി), എറണാകുളം ആശ്രമങ്ങള്‍ കേന്ദ്രമാക്കി. ആശ്രമത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. തികച്ചും ലളിത ജീവിതത്തിനും വിനയപ്പെട്ട മനസ്സിനും ഉടമയായിരുന്നു അദ്ദേഹം.
















