കൊച്ചി : കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.
വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റേയും പേട്ട, എസ്എന്‍ ജങ്ഷന്റേയും നിര്‍മാണോദ്ഘാടനവും ഇതോടൊപ്പം നടക്കുന്നതാണ്. നിപ വൈറസ് പ്രതിരോധത്തില്‍ വഹിച്ച പങ്കിന് ആദരസൂചകമായി നേഴ്‌സുമാര്‍ക്ക് സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും യാത്രയില്‍ നഴ്‌സുമാര്‍ക്കൊപ്പം ചേരും.
നാളെ മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നത്. 5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.
















