പ്രപഞ്ചത്തിന്റെ പിറവിക്ക് ആധാരമത്രേ ഓംകാരം. ഏകവും അദ്വിതീയവുമായ പരബ്രഹ്മത്തിന്റെ സൂചകമാകുന്ന പ്രണവമന്ത്രമായ ഓംകാരം. . ‘അ’, ‘ഉ’, ‘മ്’ എന്നീ ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ഓം. ത്രികാലങ്ങളെ, ത്രിലോകങ്ങളെ, മൂര്‍ത്തി ത്രയത്തെ, ആത്മാവിന്റെ മൂന്നവസ്ഥകളെ ( ജാഗ്രത്, സ്വപ്നം, സുഷുപ്തി) യെല്ലാം ഓംകാരം പ്രതിനിധാനം ചെയ്യുന്നു. ബ്രഹ്മപ്രാപ്തിക്കുള്ള ഉപാസനകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് പ്രണവോപാസന.
ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായാണ് വിശ്വാസം. അവയുടെയെല്ലാം അടിസ്ഥാനവും ഓംകാരമാകുന്നു. പ്രപഞ്ചശക്തികള്ക്കെല്ലാം തനതായൊരു നാദമുണ്ട്. ഇവ മനുഷ്യന്റെ കേള്‍വിയുടെ പരിധിക്ക് അതീതമാണ്. അതീന്ദ്രിയ ജ്ഞാനത്തിന്റെ പാരമ്യത്തിലെത്തിയ ഋഷീശ്വരന്മാര്ക്ക് മാത്രമേ ഇത് ശ്രവിക്കാനാകൂ. അവര്‍ ഓരോ പ്രപഞ്ചശക്തിയുടേയും ശബ്ദത്തിന് അനുപൂരകമായ മന്ത്രങ്ങള്‍ സ്വായത്തമാക്കി. ഈ ശബ്ദങ്ങളെ അവര്‍ മന്ത്രങ്ങളായി ചിട്ടപ്പെടുത്തി. ധ്യാനനിരതമായ ജപത്തിലൂടെ ആ ശക്തികളോരോന്നും മന്ത്രോപാസകനില് ഉണര്‍ന്നു വരുന്നു. സ്വായത്തമാക്കിക്കഴിഞ്ഞ പ്രാപഞ്ചിക ശക്തികളാല്‍ ഉപാസകന് പല കാര്യങ്ങളും സാധ്യമാക്കാം. അതിരാത്രത്തിനൊടുവില് മഴപെയ്യുന്നത് ഇതിന് ഉദാഹരണമാണ്.
ശബ്ദത്തിന് രൂപത്തെ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. നിരന്തരമായ പഞ്ചാക്ഷരീ ജപത്തില്‍ നിന്ന് ശിവരൂപവും അഷ്ടാക്ഷര മന്ത്രജപത്താല്‍ വിഷ്ണു രൂപവും പിറവി കൊള്ളും.
ഭാരതീയ പൈതൃകത്തിന്റെ ഉദാത്ത മാതൃകയായ മന്ത്രാക്ഷരങ്ങളെ സാധാരണക്കാര്‍ പലപ്പോഴും കാണുന്നത് ഭീതിയോടെയാണ്. ദുരൂഹതകളോടെ, ഒറ്റപ്പെട്ടു നില് ക്കുന്ന അവസ്ഥയാണ് മന്ത്രശാസ്ത്രങ്ങള്ക്കുള്ളത്. ഈശ്വരനില്‍ മനസ്സ് പൂര്‍ണമായും കേന്ദ്രീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന മാര്‍ഗമാണ് മന്ത്രജപം. ഇടതടവില്ലാതെ തുടരുന്ന മന്ത്രജപങ്ങള്‍ മനസ്സിനെ ഏകാഗ്രമാക്കുന്നു. വൈകാതെ മനസ്സ് ഈശ്വരനില്‍ കേന്ദ്രീകരിക്കപ്പെടുന്നു. രൂപവും നാമവും പരസ്പര ബന്ധിതങ്ങളാണ്. രൂപത്തെ മനസ്സില്‍ നിറയ്ക്കുന്നതാണ് ധ്യാനം. ജപവും ധ്യാനവും സമന്വയിക്കപ്പെട്ടാല് മനസ്സിലെ കളങ്കമെല്ലാം ഇല്ലാതാവും. അതുവഴി, പാപമകന്ന് മനസ്സിന് ശാന്തിയും സമാധാനവും ആര്ജിച്ചെടുക്കാം.
ഗുരുമുഖത്തു നിന്നാവണം മന്ത്രജപങ്ങള്‍ പഠിക്കേണ്ടത്. സാധനയിലൂടെ സിദ്ധി കൈവരിച്ച ദിവ്യാത്മാവണം ഗുരു. ശിഷ്യന് ഗുരുവിന്റെ ഉപദേശങ്ങള്‍ വേദവാക്യം പോലെ സ്വീകരിക്കണം. ഈശ്വരന് തന്നെയാണ് ഗുരുവെന്ന് മനസ്സില്‍ ഉറപ്പിക്കണം. ഗുരുവിലുള്ള പൂര്‍ണ വിശ്വാസം മന്ത്രോപാസനയുടെ സിദ്ധി അര്‍ഥവത്താകാന്‍ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: