ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ നടന്നത് 217 വിവാഹങ്ങളും 863 ചോറൂണും. ഇതോടെ ചടങ്ങുകള്‍ക്കും ദര്‍ശനത്തിനുമായി എത്തിയ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥലമില്ലാതായി. റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തതോടെ നഗരം ഗതാഗത കുരുക്കില്‍ മുങ്ങി. ദേവസ്വത്തിന്റെ വേണുഗോപാല്‍ പാര്‍ക്കിങ്ങിലും നഗരസഭയുടെ ആന്ധ്ര പാര്‍ക്കിലും ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന്റെ പണി നടക്കുന്നതിനാല്‍ പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്ത സ്ഥിതിയാണ്. കൂടാതെ വഴിപാടിനും തിരക്കായിരുന്നു.
ഇന്നലെ പടിഞ്ഞാറേ നടയില്‍ നിന്ന് കിഴക്കേനട വരെയുള്ള ഒന്നര കിലോമീറ്റര്‍ കടക്കാന്‍ വാഹനങ്ങള്‍ക്ക് ഒരു മണിക്കൂറിലേറെ വേണ്ടി വന്നു. 4.44 ലക്ഷം രൂപയുടെ പാല്‍പായസവും 1.06 ലക്ഷത്തിന്റെ നെയ് പായസവും 14.30 ലക്ഷത്തിന്റെ തുലാഭാരവുമായിരുന്നു ഇന്നെലെ ഉണ്ടായിരുന്നത്. ക്യൂ നില്‍ക്കാതെ പ്രത്യേക ദര്‍ശന സൗകര്യം ലഭിക്കുന്ന ശ്രീലകത്ത് നെയ് വിളക്ക് വഴിപാട് 4.72 ലക്ഷം രൂപയ്‌ക്ക് ഭക്തര്‍ ശീട്ടാക്കി. നടന്‍ അനൂപ് ചന്ദ്രനും ലക്ഷ്മി രാജഗോപാലുമായുള്ള വിവാഹവും ഇന്നലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു.
















