ആലപ്പുഴ: ടൂറിസം മേഖലയുടെ കുതിപ്പിന് സഹായകരമെന്ന് കൊട്ടിഘോഷിച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ലക്ഷ്യം കാണാതെ പരാജയം. വള്ളംകളിയുടെ വിപണന സാധ്യത ലക്ഷ്യമാക്കിയാണ് ഐപിഎല്‍ മാതൃകയില്‍ വള്ളംകളി ലീഗ് സംഘടിപ്പിച്ചത്. നെഹ്റുട്രോഫി ജലോത്സവമായിരുന്നു പ്രഥമ ലീഗ് മത്സരം.
ആഗോളതലത്തില്‍ അറിയപ്പെടുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളി. അതിനാലാണ് സിബിഎല്ലിന്റെ തുടക്കം ഇവിടെ തീരുമാനിച്ചത്. ലീഗിന്റെ ഭാഗമായി ഇനിയുള്ള 11 ജലോത്സവങ്ങള്‍ രാജ്യാന്തര തലത്തില്‍ വലിയ പേരുള്ളവയല്ല. നെഹ്റു ട്രോഫി ജലോത്സവത്തെ വിദേശ, സ്വദേശ സഞ്ചാരികള്‍ കൈവിട്ടതോടെ തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളുടെ അവസ്ഥയില്‍ ആശങ്ക ഉയര്‍ന്നുതുടങ്ങി.
നെഹ്റു ട്രോഫിയില്‍ ഇത്തവണ വിനോദസഞ്ചാരികളുടെ പങ്കാളിത്തം തീരെ കുറവായിരുന്നു. ഓണ്‍ലൈനായും മറ്റും ടിക്കറ്റെടുത്ത നൂറുകണക്കിനുപേരുമെത്തിയില്ല.
മുന്‍ വര്‍ഷങ്ങളില്‍ ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത് എത്തിയവര്‍ക്ക് നന്നായി കാണാനുള്ള അവസരം ലഭിക്കാതിരുന്നതും ഇത്തവണ വിനോദ സഞ്ചാരികളെ അകറ്റി. ഇത് ഹൗസ്ബോട്ടുകളെയും ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും സാരമായി ബാധിച്ചു.
ഓരോ പ്രദേശങ്ങളുടെയും പാരമ്പര്യത്തനിമ കൈവിടാതെയാണ് പല ജലോത്സവങ്ങളും. വിദേശത്ത് മാര്‍ക്കറ്റ് ചെയ്യാനെന്ന പേരിലും, പ്രൊഫഷണലിസം പറഞ്ഞും, വള്ളംകളികളെ ഏകീകരിക്കുന്നതോടെ ജലോത്സവങ്ങള്‍ കേവലം കാട്ടിക്കൂട്ടലായി മാറുമെന്ന് വള്ളംകളി പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി തോമസ് ഐസക്കാണ് സിബിഎല്‍ എന്ന പേരില്‍ വള്ളംകളിയുടെ വാണിജ്യസാധ്യതകളുമായി രംഗത്തെത്തിയത്.
കോടികള്‍ നല്കി വിദേശ കുത്തക മാധ്യമത്തിന് സിബിഎല്ലിന്റെ സംപ്രേഷണാവകാശം നല്കിയതും തിരിച്ചടിയായി. ഇതോടെ മലയാള ദൃശ്യമാധ്യമങ്ങള്‍ പടിക്കുപുറത്തായി. നാട്ടിന്പുറത്തുകാര് അവരുടെ പണം ഉപയോഗിച്ച് നടത്തിയിരുന്ന ജലോത്സവങ്ങളുടെ നടത്തിപ്പ് വന്‍കിട കുത്തകകള്‍ക്ക് സര്‍ക്കാര്‍ തീറെഴുതിയെന്നാണ് വിമര്‍ശനം.
വരും ദിവസങ്ങളില്‍ സിബിഎലിനെതിരെ കടുത്ത പ്രതിഷേധം ഉയരാനാണ് സാധ്യത. ജലോത്സവങ്ങളുടെ പകിട്ടും, ജനങ്ങളുടെ കൂട്ടായ്മയും നഷ്ടപ്പെടുത്തുകയും ചെയ്തു, വിദേശികള്‍ തിരിഞ്ഞു നോക്കുന്നുമില്ല എന്ന ഗതികേടിലാണ് സംഘാടകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: