ഈ കമ്മ്യൂണിസ്റ്റുകാരെക്കൊണ്ട് തോറ്റു. യുക്തിക്കൊരു കാലം. ഭക്തിക്കൊരു കാലം. ഇത് രണ്ടും ചേരുമ്പോള്‍ കമ്മ്യൂണിസ്റ്റാകുമോ? അവര്‍ എന്തൊക്കെ പാടും എന്തൊക്കെ പറയും എന്നത് ഇന്ന് എത്തും പിടിയുമില്ലാത്ത സ്ഥിതിയാണ്.
മുഴക്കുന്ന് മൃദംഗേശ്വര ക്ഷേത്രത്തില്‍ ആചാരപ്രകാരം കുപ്പായം ഊരി, ശ്രീകോവിലിന് മുന്നില്‍ കൂപ്പുകൈയോടെ നില്ക്കുന്ന ഇ.പി. ജയരാജന്റെ ചിത്രം നാട്ടുകാരെല്ലാം കണ്ടതാണ്. ജയരാജന് കേന്ദ്രകമ്മിറ്റി അംഗമാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനേക്കാള്‍ മുന്തിയ കമ്മ്യൂണിസ്റ്റ്. കടകംപള്ളി ഗുരുവായൂരില്‍ ചെന്ന് തൊഴുതത് ഏത് സാഹചര്യത്തിലെന്ന് ചോദിക്കുമെന്ന് പ്രസ്താവിച്ചത് പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനായിരുന്നുവല്ലോ. അരനൂറ്റാണ്ടിന് മുമ്പ് ശബരിമല സീസണില്‍ സിപിഎം പാര്‍ട്ടി ഓഫീസില്‍ അയ്യപ്പ ഭക്തരുടെ കറുത്ത മുണ്ട് ഉണങ്ങാന്‍ തൂക്കിയിട്ടത് കണ്ട് എ.കെ. ഗോപാലന് കലികൊണ്ട് സംസാരിച്ചത് പഴയ തലമുറയ്ക്ക് ഓര്‍മയുണ്ടാകും. അത് സിപിഎം കാലത്തിനൊത്ത് മാറാന്‍ തുടങ്ങാത്ത കാലം.
മാറ്റം എന്ന അവസ്ഥക്കെ മാറ്റമില്ലാതുള്ളൂ എന്നു പാടി നടക്കുന്ന കമ്മ്യൂണിസ്റ്റ് കാലമാണല്ലോ ഇത്. മൂകാംബികയില്‍ ചെന്ന് തിരുവനന്തപുരം വെള്ളറടയിലെ സഖാവ് കൊടിമരത്തിനടുത്ത് നിന്ന് ചിത്രമെടുത്തത് അടുത്തകാലത്താണ്. ഫോട്ടോ ഫെയ്സ് ബുക്കിലിട്ടു. നാട്ടുകാര്‍ കണ്ടു. ഒപ്പം പാര്‍ട്ടിയും. സഖാവ് നാട്ടിലെത്തും മുമ്പ് വിശദീകരണ നോട്ടീസും നടപടിയും! എന്താല്ലേ. അതാണ് പാര്‍ട്ടി. എന്തൊക്കെയാണപ്പാ ഇവര്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇ.പി. ജയരാജന് പറഞ്ഞത് കേട്ടില്ലേ? കൗതുകത്തോടെയേ അതൊക്കെ കാണാനും അറിയാനും പറ്റൂ. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പഴയ സിദ്ധാന്തം ആരും ഓര്‍ക്കുന്നില്ല. ഒരു ആരാധനാലയം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം ഇല്ലാതാകുമെന്ന് പറഞ്ഞതും മറന്നേ പറ്റൂ. അടുത്തിടെ ആറുദിവസം കൂടി ചര്‍ച്ച ചെയ്ത സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിക്കും ശേഷം സഖാക്കള്‍ അമ്പലക്കമ്മറ്റികളില്‍ കയറി പറ്റണം. ഉത്സവ നടത്തിപ്പില്‍ പങ്കാളിയാകണം എന്നൊക്കെ നിര്‍ദേശിച്ചത് പാലക്കാട് പ്ലീന തീരുമാനം മറന്നുകൊണ്ടായിരിക്കില്ല.
വീട് പാലുകാച്ചുമ്പോള്‍ സഖാക്കള്‍ മതപരമായ ആചാരക്രമങ്ങള്‍ പാലിക്കാന്‍ പാടില്ല എന്ന നിര്‍ദേശവും മറന്നേ പറ്റൂ. അതില്‍ ഗണപതി ഹോമം പോലുള്ള ചടങ്ങ് പാടേ ഇല്ലെന്ന് പറഞ്ഞതും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതില്ല. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട. ലോകസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികള്‍ നടത്തിയ ശബരിമല പ്രശ്നം തിരിച്ചടിയായത് ഇനിയൊരു തെരഞ്ഞെടുപ്പില്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നതല്ല.
മതമല്ല, മതമല്ല പ്രശ്നം എന്ന മുദ്രാവാക്യം നേതൃതലത്തില്‍ തന്നെ തിരുത്തുകയാണ്. ഇ.പി. ജയരാജന്റെ വാക്കുകള്‍ തന്നെ പരിശോധിക്കാം. ഞാന്‍ ഒരിക്കലും ഒരാളുടെയും വിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. കാറമേല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ധനസമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വ്യവസായമന്ത്രി. ‘എന്റെ ബന്ധുക്കള്‍ പലരും ശബരിമലയില്‍ പോകുന്നവരാണ്. എന്റെ അച്ഛന് എല്ലാ മാസവും ഗുരുവായൂരില്‍ പോകുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. അങ്ങനെയുള്ള പശ്ചാത്തലത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.’ ശബരിമലയുടെ പേരില്‍ പാര്‍ട്ടിയും സര്‍ക്കാരും പഴി കേട്ടു. സുപ്രീംകോടതി വിധി അനുസരിക്കുക എന്ന കടമ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളു. ഞങ്ങളെല്ലാം ആരാധനാലയങ്ങളുടെ സംരക്ഷണത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നവരാണ്. നാട്ടില്‍ സമാധാനവും ശാന്തിയും നല്കുന്നതില് ആരാധനാലയങ്ങള്‍ പ്രധാനഘടകമാണ്. മനുഷ്യരാണ്, ചിലപ്പോഴൊക്കെ തെറ്റുകള്‍ സംഭവിച്ചേക്കാം. തെറ്റുകള്‍ സംഭവിക്കാത്തവരില്ല. തെറ്റുപറ്റിയാല്‍ അതില്‍ കടിച്ചുതൂങ്ങാതെ തെറ്റു തിരുത്തി ശരിയായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കേട്ടാല്‍ ദേവസ്വംമന്ത്രിക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ? ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ മാറ്റമുണ്ടാകില്ലെന്നും കടകംപള്ളി പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന വിഭാഗത്തിനൊപ്പമാണോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കാതെ കടകംപള്ളി ഒഴിഞ്ഞുമാറി. പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം ആയിരിക്കണമെന്ന സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം തള്ളിയാണ് മുഖ്യമന്ത്രിയ്ക്ക് പിന്നാലെ ദേവസ്വം മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ പിണറായി പറഞ്ഞതും കാണാം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. സുപ്രീംകോടതി നിലപാട് മാറ്റിയാല്‍ സര്‍ക്കാരും നിലപാട് മാറ്റും. എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരും പാര്‍ട്ടിയും. അതു പാര്‍ട്ടി വേദികളില്‍തന്നെ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. വിശ്വാസികള്‍ കൂടി അണിനിരന്ന മുന്നണിയും പാര്‍ട്ടിയുമാണ് തങ്ങളുടെത്.
എന്നാല്‍, വിശ്വാസത്തിന്റെ അവകാശികളായി ചമയുന്നവര്‍ സര്‍ക്കാര്‍, വിശ്വാസികള്‍ക്ക് എതിരാണെന്ന് പ്രചരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായ ആ പ്രചാരണത്തെ നേരിടുന്നതില്‍ ജാഗ്രത ഉണ്ടായില്ല. ഇതിനെതിരായി പാര്‍ട്ടി ഒരു ക്യാംപയിനിലേക്ക് പോയില്ല. അതാണ് സ്വയം വിമര്‍ശനപരമായി പാര്‍ട്ടി സ്വീകരിച്ചത്. ഈ സ്വയംവിമര്‍ശനം നടത്തിയപ്പോള്‍ ചിലര്‍ വിചാരിക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരും എന്തോ വലിയ തെറ്റു ചെയ്തെന്നും, അതാണ് സ്വയം വിമര്‍ശനം നടത്തിയതെന്നുമാണ്.
രാജ്യത്തെ ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയു. വനിതാമതില്‍ ലോകം ശ്രദ്ധിച്ച വനിതാ മുന്നേറ്റമായിരുന്നു. അതിന് പിന്നാലെ രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് ചിലര്‍ പ്രചാരണ ആയുധമാക്കി. വനിതാ മതില് വിജയിച്ചപ്പോഴാണ് അവര്‍ അതിനെതിരെ തിരിഞ്ഞത്. മാധ്യമങ്ങളും ഇതിന്റെ ഭാഗമായതായി തവിട് തിന്നാലും കതൃതി വിടില്ലെന്ന് പറയാറില്ലെ. അതാണിപ്പോള്‍ സഖാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബുദ്ധിക്കും യുക്തിക്കും ചേരാത്ത വാദമുഖങ്ങല്‍. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുടെ കോലം കെട്ടല്‍ നടക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: