Categories: Samskriti

ശിവാംശമായ ജലന്ധരന് ശിവനാല്‍ തന്നെ അന്ത്യം

ശിവാംശമായി പിറന്ന ജലന്ധരാസുരന്‍. വിഷ്ണുഭക്തയായ വൃന്ദ. ഇവര്‍ വിവാഹിതരായി. സാക്ഷാല്‍ തുളസീദേവി തന്നെയാണ്  വൃന്ദയായി അവതരിച്ചത്. വിഷ്ണു പത്‌നിയാകാന്‍ പണ്ടേ തല്‍പരയായി കഴിഞ്ഞവളാണ് തുളസി. ചില പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ വൃന്ദയായി അവതരിക്കേണ്ടി വന്നതാണ്. 

 എന്നാല്‍ മുജ്ജന്മ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ ഈ അവതാരത്തില്‍ വൃന്ദയ്‌ക്ക് ലഭ്യമായില്ല. ചില ശാപങ്ങള്‍ അതിന് കാരണമായി ഭവിച്ചു.  

ഏതായാലും ഈ അവതാരത്തില്‍ വൃന്ദ, ജലന്ധരന്‍ എന്ന ശിവാംശത്തെ സ്‌നേഹം കൊണ്ടു മൂടി. പാതിവ്രത്യധര്‍മമനുസരിച്ചു തന്നെ ജീവിച്ചു. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി ഏറെ പ്രാര്‍ഥിച്ചു. വാസ്തവത്തില്‍ അതൊരു തപസ്സു തന്നെയായിരുന്നു. തപസ്സനുസരിച്ചുള്ള വരവും ലഭ്യമായി. 

വൃന്ദയുടെ പാതിവ്രത്യം നിലനില്‍ക്കുന്നിടത്തോളം കാലം ജലന്ധരന്റെ ആയുസ്സിന് യാതൊരു കേടും സംഭവിക്കില്ല. വൃന്ദയുടെ പാതിവ്രത്യ നിഷ്ഠയില്‍ പൂര്‍ണ വിശ്വാസമുള്ള ജലന്ധരന്‍ വൃന്ദയുടെ ഈ വരവോടെ ഏറെ അഹങ്കാരിയായി മാറി. 

അസുരന്മാരുടെ ആധിപത്യം ഏറ്റെടുത്ത ജലന്ധരന്‍ ദേവന്മാരെയെല്ലാം കീഴടക്കി. മഹര്‍ഷിമാരെയെല്ലാം ഉപദ്രവിച്ചു. ഭക്തജനങ്ങളെ തുറുങ്കിലടച്ചു. നാമം ജപിക്കുന്നവരെ തല്ലിച്ചതച്ചു. അവര്‍ക്ക് പലവിധ പീഢനങ്ങളും നല്‍കി. സന്മാര്‍ഗികള്‍ക്ക് ജീവിക്കാന്‍ ഏറെ പ്രയാസം. ശിവാംശമായ ജലന്ധരനു മുന്നില്‍ ശിവഭൂതങ്ങള്‍ക്കു പോലും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥ. മഹര്‍ഷിമാരും മറ്റും ത്രിമൂര്‍ത്തികളെ വിവരമറിയിച്ചു. സങ്കടങ്ങള്‍ ഉണര്‍ത്തിച്ചു. 

ഒടുവില്‍ ശിവന്‍ തന്നെ സ്വയം ആ ഉത്തരവാദിത്തമേറ്റെടുത്തു. ജലന്ധരനെ ശ്രീമഹാദേവന്‍ തന്നെ വധിക്കും. ശ്രീപരമേശ്വരന്‍ ദൂതനെ അയച്ച് ജലന്ധരനെ വിളിപ്പിച്ചു. സമാധാന ശ്രമം അംഗീകരിക്കാതെ യുദ്ധത്തിന് തന്നെ ജലന്ധരന്‍ തയ്യാറായി. ശ്രീമഹാദേവനും ജലന്ധരനും തമ്മില്‍ ഘോരയുദ്ധം തുടങ്ങി. യുദ്ധം ഏറെ നീണ്ടു. 

ഇതിനിടയില്‍ മഹാവിഷ്ണു വൃന്ദയുടെ അരികില്‍ ചെന്നു. വിഷ്ണുവിന്റെ പത്‌നിയാകണമെന്ന വൃന്ദയുടെ ജന്മാന്തരത്തിലെ ആഗ്രഹം നിറവേറ്റാനുള്ള സന്നദ്ധതയിലാണ് മഹാവിഷ്ണു അവിടെ പ്രത്യക്ഷമായത്. വിഷ്ണുവിനെ കണ്ട വൃന്ദയ്‌ക്ക് തന്റെ ഭര്‍ത്താവു വരുന്നതായാണ് തോന്നിയത്. ഭര്‍ത്താവിനെ എന്ന പോലെ സ്വീകരിച്ച് വൃന്ദ ആലിംഗനം ചെയ്തു. വൃന്ദയുടെ പാതിവ്രത്യ വ്രതം കളങ്കിതമായി. 

മഹാവിഷ്ണു വൃന്ദയുടെ പൂര്‍വജന്മ വൃത്താന്തങ്ങള്‍ അവളെ ഓര്‍മിപ്പിച്ചു. വീണ്ടും തുളസി എന്ന ചെടിയായി വിഷ്ണു പൂജകള്‍ ചെയ്ത് ഭൂമിയില്‍ കഴിയാനും വിഷ്ണു പാദത്തില്‍ കഴിയാനും അവള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തു. 

വൃന്ദയുടെ പാതിവ്രത്യം നഷ്ടമായതോടെ ശ്രീപരമേശ്വരന് ജനന്ധരനെ വധിക്കാന്‍ സാധിച്ചു. വൃന്ദയ്‌ക്ക് ജനിച്ച മകനാണ് കാമാസുരന്‍. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക