കോഴിക്കോട്: സി.ഐ.ടി.യുവിന്റെ സമരം തുടരുന്നതിനാല്‍ സ്ഥാപനം പൂട്ടുമെന്ന ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്ന വെല്ലുവിളിയുമായി സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ലെന്നും അദേഹം ന്യായീകരിച്ചു. കേരളം വിടുമെന്ന പ്രസ്താവന ഓലപാമ്പിനെ കാട്ടിയുള്ള ഭീഷണിയാണ്. സി.ഐ.ടി.യു സമരത്തിന് പിന്തുണ കൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു. സ്ഥാപനം അടച്ചുപൂട്ടി മാനേജ്‌മെന്റിന് തൊഴിലാളികളെ വഴിയാധാരമാക്കി കേരളം വിടാനൊന്നും പറ്റില്ല. അവരെ സംരക്ഷിക്കാന്‍ ഏത് വഴിയും സ്വീകരിക്കും.
ഇത്തരം ഓലപാമ്പിനെ കാണിച്ച് ഭീഷണിപ്പെടുത്തിയാല്‍ സമരം പിന്‍വലിക്കുമെന്നാണ് മാനേജ്‌മെന്റ് കരുതുന്നതെങ്കില്‍ അത് മൂഢത്വമാണ്. യൂണിയനില്‍ അംഗമായവര്‍ക്കും അല്ലാത്തവര്‍ക്കും രണ്ട് തരത്തിലുള്ളതാണ് ശമ്പള വ്യവസ്ഥ. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് 14 ദിവസം മുമ്പ് കമ്പനിക്ക് നോട്ടീസ് നല്‍കി പണിമുടക്കിലേക്ക് പോയത്. അല്ലാതെ കമ്പനി പറയുന്നത് പോലെ പെട്ടെന്നുള്ള സമരമായിരുന്നില്ല. യൂണിയനെ അംഗീകരിക്കില്ലെന്ന നിലപാട് അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കില്ലന്നും എളമരം കരീം വെല്ലുവിളിച്ചു.
















