തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഫീസടയ്‌ക്കാന്‍ ചെന്ന എബിവിപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നിഷ്‌ക്രിയം. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്ക് വേണ്ടി ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. എന്നാല്‍ പ്രതികള്‍ നഗരത്തിലുടനീളം സ്വൈര്യവിഹാരം നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്.
ജൂണ്‍ 19 നാണ് നിയമവിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ശേഖര്‍ തമ്പിയെ ആക്രമിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മറ്റിയംഗം വിഷ്ണുരാജ ശേഖര്‍, അജ്മല്‍, അജയ് അശോക്, നസീം എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്തിയഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. കമ്പും തടിയും കല്ലുകൊണ്ടുവരെ ഇടിച്ച് അവശനാക്കി. സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും സിപിഎം നേതാക്കളുടെ ഇടപെടലില്‍ വധശ്രമം അടിപിടി കേസാക്കി മാറ്റി. പ്രതികളുടെ എണ്ണവും കുറഞ്ഞു. തലസ്ഥാനത്തെ മന്ത്രിയുടെ നിര്‍ദേശമനുസ്സരിച്ചാണ് പാര്‍ട്ടിക്കാരായ പ്രതികളെ കേസില്‍ നിന്നും മാറ്റിയതെന്നതും വസ്തുതയാണ്.
ശേഖര്‍ തമ്പിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയായ നിയമവിദ്യാര്‍ഥി അരുണ്‍ രാജനേയും സംഘം ആക്രമിച്ചു. ആഗസ്റ്റ് 19 നാണ് വിഷ്ണുരാജയുടെ നേതൃത്വത്തില്‍ സുബിന്‍ ചാക്കോ, അജയ് വി. കരണ്‍, ഹബീബ് തുടങ്ങിയവർ അരുണിനെ മര്‍ദിച്ചത്. ലോ കോളേജില്‍ പാസ്സ്ഔട്ടായി പോയശേഷം സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയ സമയത്താണ് അക്രമം. ശേഖര്‍ തമ്പിയെ മര്‍ദിച്ച സംഭവത്തില്‍ സാക്ഷിപറയാന്‍ അരുണ്‍ തയാറായതാണ് അക്രമത്തിന് കാരണം.
ഹരിജന്‍ യുവാവായതുകൊണ്ട് ജാതിപറഞ്ഞ് ആക്ഷേപിച്ചായിരുന്നു മര്‍ദനം. അരുണിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കാന്‍ പോയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല. പകരം കൃത്രിമമുറിവുണ്ടാക്കി എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് എബിവിപി പ്രവര്‍ത്തകരെ വേട്ടയാടുകയാണുണ്ടായത്. തുടര്‍ന്ന് പട്ടികജാതി കമ്മീഷന് നല്‍കിയ പരാതിയില്‍ രസീത് നല്‍കിയശേഷം പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ മറുപടി നല്‍കിയത്.
പ്രശ്‌നം രൂക്ഷമായതോടെ മുഖം രക്ഷിക്കാനെന്നനിലയില്‍ പിന്നീട് പേരൂര്‍ക്കട പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പകരം എബിവിപി പ്രവര്‍ത്തകരുടെ വീടുകയറിയുളള പരിശോധനയിലാണ് പോലീസ്. കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍വരെ നിര്‍ബാധം വിഹാരം നടത്തുന്ന സാഹചര്യത്തിലാണ് എബിവിപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയുളള പരിശോധന തുടരുന്നത്.
















