ന്യൂദല്‍ഹി : സിഖ് വിശ്വാസിയായ പെണ്‍കുട്ടിയെ പാക്കിസ്ഥാനില്‍ തട്ടക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതം മാറ്റിയതായി പരാതി. പെണ്‍കുട്ടിയുടെ സഹോദരനാണ് ഇതുസംബന്ധിച്ചുള്ള പരാതി പുറത്തുവിട്ടിരിക്കുന്നത്. പാക് പഞ്ചാബ് പ്രവിശ്യയിലെ നന്‍കനാ സാഹിബിലെ സിഖ് പുരോഹിതന്റെ മകളെയാണ് തട്ടിക്കൊണ്ട് പോയത്.
സഹോദരങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതപരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന സഹോദരന്റെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ്. സിര്‍സ ട്വിറ്ററീലുടെ പുറത്തുവിട്ടിട്ടുണ്ട്. മന്‍മോഹന്‍ സിങ് എന്ന് പരിചയപ്പെടുത്തുന്ന യുവാവ് സഹോദരിയെ തിരികെകൊണ്ടുവരാന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോ.
പാക്കിസ്ഥാനിലെ സിഖ് സമൂഹം സഹായം ആവശ്യപ്പെടുന്നുവെന്ന കുറിപ്പില്‍ രാജ്യാന്തര തലത്തില്‍ സംഭവം ചര്‍ച്ചയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായിക്കണമെന്നും വീഡിയോയില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം.
















