ന്യൂദല്‍ഹി: തീവ്രവാദി ഭീഷണിയും സ്വര്‍ണം അടക്കം കള്ളക്കടത്തും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ അതിശക്തമാക്കാന്‍ നീക്കവുമായി സുരക്ഷ ഏജന്‍സികള്‍. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഒരു വര്‍ഷത്തിനകം ബോഡി സ്‌കാനര്‍ നിര്‍ബന്ധമാക്കണമെന്നു ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിര്‍ദേശം നല്‍കി. നേരത്തേ, 2020 ആകുമ്പോഴേക്കും രാജ്യത്തുളള 84 വിമാനത്താവളങ്ങളില്‍ ആധുനിക സംവിധാനങ്ങളുള്ള ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ബിസിഎസിന്റെ കര്‍ശന നിര്‍ദേശം കൂടി വന്നിരിക്കുന്നത്. രണ്ടു വര്‍ഷത്തിനകം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബോഡി സ്‌കാനര്‍ നിര്‍ബന്ധമാക്കാനും ഉത്തരവുണ്ട്.
നിലവില്‍ വാതിലുള്ളതും കൈകളുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതുമായ സ്‌കാനറുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവയ്‌ക്ക് ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ലോഹവും മറ്റും കണ്ടെത്താനാവില്ല. എന്നാല്‍ ആധുനിക സൗകര്യങ്ങളുള്ള ബോഡി സ്‌കാനറുകള്‍ക്ക് ശരീരത്തിലുള്ള ലോഹവും ഇതര വസ്തുക്കളും കണ്ടെത്താനാകും. ഇതോടെ, സ്വര്‍ണക്കള്ളക്കടത്തും തീവ്രവാദ ആക്രമണങ്ങളും നന്നായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ലോകത്തെ സുപ്രധാന വിമാനത്താവളങ്ങളില്‍ എല്ലാം ആധുനിക രീതിയിലുള്ള ബോഡി സ്‌കാനറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
















