ന്യൂദല്‍ഹി: മേജര്‍ ധ്യാന്‍ ചന്ദിന്റെ 114-ാം ജന്മദിനത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയത്തിലേക്കെത്താൻ ലിഫ്റ്റില്ല, കഠിനാധ്വാനത്തിലൂടെ മാത്രമെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകൂ. ‘സ്വച്ഛ് ഭാരത്’ ദൗത്യം പോലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭാരതം കണ്ട മികച്ച കായികതാരത്തിന്റെ ജന്മദിനമാണിന്ന്. ഫിറ്റ്നസ്, സ്റ്റാമിന, ഹോക്കി സ്റ്റിക്ക് എന്നിവയിലൂടെ മേജര്‍ ധ്യാന്‍ ചന്ദ് ലോകത്തെ വിസ്മയിപ്പിച്ചു. ഫിറ്റ് ഇന്ത്യ മൂവ്മെന്റ് സര്‍ക്കാര്‍ ആരംഭിച്ചതാണെങ്കിലും ജനങ്ങള്‍ വേണം അതിനെ വിജയത്തിലേക്കെത്തിക്കാനെന്നും അദേഹം വ്യക്തമാക്കി.
ഹോക്കി കളിക്കാരനായ മേജര്‍ ധ്യാന്‍ ചന്ദിന്റെ 114-ാം ജന്മവാര്‍ഷികത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റ ആരംഭിച്ചതില്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരണ്‍ റിജിജു സന്തോഷം അറിയിച്ചു. ഇന്ത്യന്‍ കായികതാരത്തിന്റെ അസാധാരണ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ദേശീയ കായിക അവാര്‍ഡുകള്‍, ദേശീയ സാഹസിക അവാര്‍ഡുകള്‍, അര്‍ജുന അവാര്‍ഡ്, ഖേല്‍ രത്‌ന, ദ്രോണാചാര്യ അവാര്‍ഡ്, ധ്യാന്‍ ചന്ദ് അവാര്‍ഡ് എന്നിവ ഇന്ന് വൈകുന്നേരം നല്‍കുമെന്ന് കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അറിയിച്ചു.
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ കായികത്തിന്റെയും കളികളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യത്തുടനീളം നിരവധി ഫിറ്റ്നസ് പ്രോഗ്രാമുകള്‍ നടത്തുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാ ഭാരതീയരും മാനസികവും ശാരീരികവുമായി ശക്തിയുള്ളവരീയിരിക്കണം എന്നും കിരണ്‍ റിജിജു വ്യക്തമാക്കി.
ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നിരവധി സാംസ്‌കാരിക പ്രകടനങ്ങള്‍ അരങ്ങേറി.
















