ന്യൂദല്‍ഹി: കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ആരംഭിച്ച പാക്കിസ്ഥാന്‍ പ്രകോപനം കൂടുതല്‍ ശക്തമാകുന്നു. യുദ്ധപ്രതീതി നല്‍കി പാക് നേതാക്കള്‍ പ്രസ്താവന ഇറക്കിയതിനു പിന്നാലെ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ യുദ്ധമുഖങ്ങളില്‍ ഉപയോഗിക്കുന്ന ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. പാക് ആര്‍മിയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 290 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഉപരിതല വേധ മിസൈലായ ഗാസ്‌നവി ആണ് ഇന്നലെ പാക്കിസ്ഥാന്‍ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായതില്‍ പാക് പ്രസിഡന്റും പ്രധാനമന്ത്രിയും അഭിനന്ദനം അറിയിച്ചെന്നും പാക് സൈനികി വക്താവ്.
അതേസമയം, പാക് കമാന്‍ഡോ സംഘം ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കണ്ട്‌ല തുറമുഖത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. കച്ച് മേഖല വഴി കടന്ന് കടല്‍ മാര്‍ഗം ഗുജറാത്ത് തീരത്ത് എത്തി കലാപമോ തീവ്രവാദി ആക്രമണമോ ആണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നാണ് സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനിടെ, ഇന്നു രാവിലെ 11.30ന് പാക്കിസ്ഥാന്‍ രണ്ടു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. പൂഞ്ചിലും മെന്ദാറിലുമാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരേ വെടിവയ്‌പ്പുണ്ടായത്.
ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം ഒക്ടോബറിലോ അതു കഴിഞ്ഞുള്ള മാസമോ നടക്കാനാണു സാധ്യതയെന്ന് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് നേരത്തേ മാധ്യമങ്ങളോടു പറഞ്ഞത്. കശ്മീരിലെ പോരാട്ടത്തിന് തീരുമാനമാക്കേണ്ട സമയം വന്നിരിക്കുകയാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും പാക്കിസ്ഥാന്‍ മന്ത്രി പറഞ്ഞതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണവായുധ യുദ്ധത്തെക്കുറിച്ചു പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു ദിവസത്തിനിപ്പുറമാണ് പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രിയുടെ പ്രസ്താവന. കശ്മീരിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും ആണവായുധം ഉപയോഗിക്കുന്നതിനു ഭയമൊന്നുമില്ലെന്നും ഇമ്രാന്‍ കഴിഞ്ഞ ദിവസം പാക് മാധ്യമത്തോടു പറഞ്ഞിരുന്നു.
















