ഇസ്ലാമാബാദ്: മുന്‍പെങ്ങും ഇല്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് പാക്കിസ്ഥാന്‍. കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ ഇന്ത്യ പിടിമുറുക്കിയതോടെ ഭീകരവാദ ഫണ്ടിങ്ങും വന്‍തോതില്‍ കുറഞ്ഞതോടെയാണു പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ദൈനംദിന ചെലവുകള്‍ക്കു പോലും ബുദ്ധിമുട്ടുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഓഫിസ് കെട്ടിടത്തിലെ ഫ്യൂസ് ഊരാന്‍ തയാറെടുക്കുകയാണ് വൈദ്യുത വിതരണ കമ്പനി. വെദ്യുത കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുത കണക്ഷന്‍ ഉടന്‍ വിച്ഛേദിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ പൗരന്‍മാരെല്ലാം തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. കൂടാതെ പ്രതിരോധ വിഹിതത്തില്‍ കുറവു വരുത്താനും പാക് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ നടപടികളൊന്നും ഫലം കാണുന്നില്ലെന്നാണു പാക്കിസ്ഥാനിലെ സാമ്പത്തിക വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്.
ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് ഇസ്ലാമാബാദ് വൈദ്യുത വിതരണ കമ്പനി ഓഗസ്റ്റ് 28ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നല്‍കിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വൈദ്യുത കമ്പനിക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് 41 ലക്ഷം നല്‍കാനുണ്ടെന്നും, പണം അടയ്‌ക്കുന്നതിനായി നിരന്തരം നോട്ടീസ് അയയ്‌ക്കാറുണ്ടെന്ന് വൈദ്യുത വിതരണ കമ്പനി അധികൃതര്‍ പറഞ്ഞു. ബില്‍അടക്കാത്തത് ആദ്യത്തെ സംഭവമല്ലെന്നും, ഇനിയും ഇത് തുടരുകയാണെങ്കില്‍ വൈദ്യുത ബന്ധം ഉടന്‍ വിച്ഛേദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഐ.എം.എഫ് നാല്‍പ്പത്തൊന്നായിരം കോടി രൂപയുടെ വായ്‌പ അനുവദിച്ചിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് പല ഘട്ടങ്ങളിലായിട്ടാണ് പാകിസ്ഥാന് വായ്‌പാ തുക ലഭിക്കുക. എന്നാല്‍ ആദ്യ ഘട്ടത്തിലെ 6,852 കോടി എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ഐ.എം.എഫ് അറിയിച്ചിരുന്നു. കൂടാതെ രാജ്യത്തിന്റെ പൊതുകടം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 2.85 ലക്ഷം കോടിയില്‍ നിന്നു 14.25 കോടിയായി ഉയര്‍ന്നിരുന്നു. നികുതിയുടെ ഭൂരിഭാഗം തുകയും കടം വീട്ടാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.
















