ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പന തകൃതി. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നവര്‍ ദുരിതത്തില്‍. പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച മത്സരം 31ന് നടക്കുന്നതിന് മുന്നോടിയായാണ് വില്ലേജ് ഓഫീസുകള്‍ മുഖേന 100 രൂപ മുതല്‍ 1500 രൂപ വരെയുള്ള ടിക്കറ്റുകള്‍ വില്‍ക്കുന്നത്.
താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കും ജില്ലാ കേന്ദ്രത്തില്‍ നിന്ന് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 20,000 രൂപ മുതല്‍ 30,000 വരെയാണ് ഓഫീസുകള്‍ക്കുള്ള ടാര്‍ജറ്റ്. പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവരടക്കം ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരാണ് ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത്.
പല ഓഫീസുകളിലും ടിക്കറ്റ് അടിച്ചേല്‍പ്പിക്കുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ക്വാട്ട തികയ്‌ക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തിലാണ്. പ്രളയത്തില്‍ അകപ്പെട്ട് തീരാദുരിതത്തിലായ ജനങ്ങളില്‍നിന്ന് ഇത്തരത്തില്‍ പിരിവ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ടിക്കറ്റ് വില്‍ക്കുന്നതെന്നും ആരേയും അടിച്ചേല്‍പ്പിക്കുന്നില്ലെന്നുമാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.
















