തിരുവനന്തപുരം: നെയ്യാറില്‍ ഓണച്ചമയം തുടങ്ങി. സെപ്തംബര്‍ എട്ട് മുതല്‍ 14 വരെയാണ് ഓണാഘോഷം. നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കില്‍ ഗീര്‍ സിംഹങ്ങള്‍ ഓണത്തിന് ഗര്‍ജിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം.
ചായമില്ലാതെ വികൃതമായി കിടന്ന പ്രതിമകള്‍ക്ക് ജീവന്‍വയ്‌ക്കുന്നു. കടുവയും പുലിയും മാനും ഉള്‍പ്പെടെയുള്ള പ്രതിമകള്‍ ഏതാണ്ട് തുടിക്കുന്ന പരുവത്തില്‍. കഥകളി കൂട്ടത്തിനും ജീവന്‍വച്ച പോലെ. മീന്‍ പിടിക്കുന്ന ആളിന് അനക്കം വന്നിട്ടുണ്ട്. നെയ്യാര്‍ഡാമിലെ പൂന്തോട്ടത്തിലെ പ്രതിമകള്‍ക്കാണ് ഇങ്ങനെയൊരു മാറ്റം.
ഓണമടുത്തതോടെ പുതുജീവനത്തിന് ഒരുങ്ങുകയാണ് ഈ അണക്കെട്ട്. നെയ്യാര്‍ഡാമിലെ ആഘോഷങ്ങളുടെ സമാപനത്തിന് കള്ളിക്കാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന സംസ്‌ക്കാരിക ഘോഷയാത്രയുമുണ്ട്. വൈദ്യുതിദീപാലങ്കാരം, കലാപരിപാടികള്‍ എന്നിവയും ഓണാഘോഷത്തിന് മാറ്റുകൂട്ടും.
പൂന്തോട്ടം വൃത്തിയാക്കലും പ്രതിമകള്‍ക്ക് ചായംപൂശലും അവസാന ഘട്ടത്തില്‍. ഓണത്തിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങലിന്റെ വക്കിലാണ് തലസ്ഥാനജില്ലയിലെ ഏക ജലസേചനപദ്ധതിയായ നെയ്യാര്‍. ഉദ്യാനത്തിലെ പ്രതിമകളുടെ ചാരുത നശിച്ചതോടെ സഞ്ചാരികള്‍ ഡാമിനെ കൈവിട്ട സ്ഥിതിയാണ്. അതുകൊണ്ടാണ് ഇക്കുറി ഓണക്കാലത്ത് ഡാമിനെ മികവുറ്റതാക്കാന്‍ ശ്രമം തുടങ്ങിയത്. ടവര്‍, ഡാം ബ്രിഡ്ജ്, അക്വേറിയം, സൈക്കിള്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രത്യേക ദീപസംവിധാനം ഒരുക്കിയിട്ടുണ്ട്. നക്ഷത്ര അക്വേറിയം വിവിധയിനം അലങ്കാര മല്‍സ്യങ്ങളുടെ ശേഖരവുമായി സഞ്ചാരികളെ കാത്തിരിക്കുന്നു. കുട്ടികളുടെ പാര്‍ക്കില്‍ മിനുക്കുപണികള്‍ നടന്നുവരികയാണ്. അവിടെയും ഓണത്തിന് പ്രവേശനമുണ്ടാകും.
ഗുജറാത്തിലെ ഗീര്‍ വനത്തിലെ സിംഹങ്ങളാണ് പുതിയ ആകര്‍ഷണം. രണ്ട് ഇണകളെ ഓണത്തിന് സഫാരിപാര്‍ക്കില്‍ എത്തിക്കും. സഫാരി പാര്‍ക്ക് ഓണത്തിന് തുറന്നുനല്‍കും. വനംവകുപ്പും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സാഹസികസഞ്ചാരമാണ് പ്രധാനം. മീന്‍മുട്ടി, മുല്ലയാര്‍, കൊമ്പൈക്കാണി, വരയാട്ടുമുടി എന്നിവിടങ്ങളില്‍ സാഹസികസഞ്ചാരം നടത്താന്‍ വനംവകുപ്പ് തയാറെടുക്കുന്നു. കാട്ടിലൂടെയുള്ള യാത്രയ്‌ക്ക് ബുക്കിംഗും തുടങ്ങി. നെയ്യാര്‍ഡാമില്‍ എത്തിയശേഷം ആനകളെ കാണാന്‍ ബസ്സില്‍ കാപ്പുകാട് ആനപാര്‍ക്കില്‍ എത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആനപാര്‍ക്കിലേക്ക് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജലസേചനവകുപ്പ്, വനം, ഫിഷറീസ്, ഡിറ്റിപിസി, തുറന്നജയില്‍, കെറ്റിഡിസി എന്നിവയുടെ സഹകരണത്തോടെയാണ് നെയ്യാര്‍ ഓണാഘോഷത്തെ വരവേല്‍ക്കുന്നത്.
















