പത്തനംതിട്ട: വിഎച്ച്പിയുടെ സേവാവിഭാഗം വിവേകാനന്ദ കള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ, ബാലാശ്രമങ്ങളിലെ കുട്ടികളുടെ ഒത്തുചേരല്‍ ബാലകാരുണ്യം-2019 സംഘടിപ്പിക്കുന്നു. പുല്ലാട് ശിവപാര്‍വതി ബാലികാ സദനത്തില്‍ സപ്തംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് സംഗമമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്ത് ആശ്രമങ്ങളില്‍ നിന്നായി 400 കുട്ടികള്‍ പങ്കെടുക്കും. ഏഴിന് പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ സംഗമത്തിന് തുടക്കമാകും. തുടര്‍ന്ന് കുട്ടികളുടെ ഭജന്‍സ് നടക്കും. രാത്രി 8.30ന് കോട്ടയം ഹാസ്യഭാവന അവതരിപ്പിക്കുന്ന കോമഡിഷോ. എട്ടിന് രാവിലെ ഒമ്പതിന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ബാലകാരുണ്യം ഉദ്ഘാടനം ചെയ്യും.
വിഎച്ച്പി അഖിലേന്ത്യാ സേവാപ്രമുഖ് മധുകര്‍ ദീക്ഷിത് മുഖ്യപ്രഭാഷണവും മാര്‍ഗദര്‍ശക് മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തും. അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ്അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ചടങ്ങില്‍ സസാരിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനാകും. 11ന് കുട്ടികളുടെ കലാമേള സിനിമാതാരം കൊച്ചുപ്രേമന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8.30ന് പത്തനംതിട്ട നിറമൊഴിയുടെ നാടന്‍പാട്ട്.
ഒമ്പതിന് രാവിലെ 11ന് സമാപന സമ്മേളനം കേന്ദ്ര ഗ്രാമ വികസന മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി ഉദ്ഘാടനം ചെയ്യും. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ബി.ആര്‍. ബാലരാമന്‍ അധ്യക്ഷനാകും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ശ്രീമദ് പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ബാലകാരുണ്യ സന്ദേശം നല്‍കും. ഓണക്കോടി വിതരണ ഉദ്ഘാടനം സംവിധായകന്‍ വിജി തമ്പി നിര്‍വഹിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ വല്ല്യൂഴത്തില്‍, ജനറല്‍ കണ്‍വീനര്‍ അജിത് പുല്ലാട്, വിഎച്ച്പി ശബരിഗിരി ജില്ലാ പ്രസിഡന്റ്‌കെ.എന്‍. ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ.കെ. സുഭാഷ് എന്നിവര്‍ പങ്കടുത്തു.
















