ദുബായ്: ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളി യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ച് ജാമ്യത്തിനായി ശ്രമിക്കുന്നു. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്‍പ്പാക്കുന്നതിനായി തുഷാര്‍ പല തവണ ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം. സ്വദേശിയായ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് വാങ്ങാനാണ് ശ്രമം. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു.ഇതും കോടതിയില്‍ സമര്‍പ്പിക്കും.
തുഷാര്‍ വെള്ളാപ്പള്ളി മുന്നോട്ട് വച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതാണ് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം.
അതേസമയം ഇത്തരത്തില്‍ ജാമ്യം അനുവദിക്കണമെങ്കില്‍ ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടി വെയ്‌ക്കേണ്ടി വരും. ആദ്യം ജാമ്യത്തില്‍ ഇറങ്ങുന്നതിനുള്ള പണം പ്രവാസി വ്യവസായി എം.എ. യൂസഫലിയാണ് നല്‍കിയത്. ഇത്തവണത്തേതും യൂസഫലി തന്നെ നല്‍കി സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്ത തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്‌ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. ഇതുപ്രകാരം തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വാങ്ങി വയ്‌ക്കുകയും യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
















