വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യ, ഐതിഹ്യങ്ങളുടെ അപൂര്‍വത, അനന്യമായ ദേവചൈതന്യം എന്നിവയാല്‍ സമൃദ്ധമാണ് ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ഏറെയും. അവയില്‍ പലതും കാലത്തെ അതിജീവിക്കുന്നവ.
ഈ ഗണത്തില്‍, ചരിത്രവും ഐതിഹ്യവും സമന്വയിക്കുന്ന ദേവസ്ഥാനമാണ് ആന്ധ്രയിലെ കര്‍ണൂലിലുള്ള യാഗന്തി ശ്രീ ഉമാമഹേശ്വര ക്ഷേത്രം. വൈഷ്ണവ പാരമ്പര്യത്തില്‍ പണിത ശിവക്ഷേത്രമാണിത്. ‘ഞാന്‍ കണ്ടു’ എന്നര്‍ഥം വരുന്ന തെലുഗു പദം ‘നേഗന്തി’ നാട്ടുമൊഴിയില്‍ ഉരുത്തിരിഞ്ഞതാണ് യാഗന്തി. ഇവിടെ ശിവലിംഗമല്ല പ്രതിഷ്ഠ. ശിവരൂപവിഗ്രഹമാണുള്ളത്.
അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ പല്ലവ രാജാക്കന്മാരാണ് ക്ഷേത്രത്തിന്റെ നിര്‍മിതി തുടങ്ങിയത്. 15 ാം നൂറ്റാണ്ടില്‍ സംഗമരാജവംശത്തിലെ ഹരിഹരബുക്കരായനാണ് പൂര്‍ത്തിയാക്കിയത്.
യെരമല്ല കുന്നുകളിലെ അത്യപൂര്‍വ കാഴ്ചയാണ് ഈ ക്ഷേത്രം. കുന്നുകള്‍ക്കു ചുറ്റിലുമായി യോഗികള്‍ തപസ്സിരുന്ന എണ്ണമറ്റ ഗുഹകള്‍ കാണാം. ഇവയില്‍ സുപ്രധാനമാണ് അഗസ്ത്യ, വെങ്കടേശ്വര, ബ്രഹ്മം ഗുഹകള്‍. ദേശാടനത്തിനിടെ ഇവിടെയെത്തിയ അഗസ്ത്യമുനി യാഗാന്തിയിലെ പ്രകൃതിസൗന്ദര്യത്തില്‍ ആകൃഷ്ടനായി, അവിടെയൊരു വെങ്കടേശ്വര പ്രതിമ സ്ഥാപിക്കാന്‍ അനുയോജ്യമായ ഇടം തേടിനടക്കവേ ഒരു ഗുഹയ്‌ക്കകത്ത് വെങ്കിടേശ്വരവിഗ്രഹം കണ്ടു. അദ്ദേഹം വിഗ്രഹത്തില്‍ പൂജ ചെയ്യാന്‍ തുടങ്ങി. പെട്ടെന്നാണ് വിഗ്രഹത്തിന്റെ കാല്‍പാദത്തിലെ വിരല്‍ പൊട്ടിയതായി കണ്ടത്. അത് അഗസ്ത്യനെ അസ്വസ്ഥനാക്കി. കാരണമറിയാനായി തപസ്സു തുടങ്ങി. അഗസ്ത്യനു മുമ്പില്‍ ശിവഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. ഈ കുന്നുകള്‍ കൈലാസത്തെ അനുസ്മരിപ്പിക്കുന്നുവെന്നും ഇവിടെ ശിവപ്രതിഷ്ഠയാണ് നടത്തേണ്ടതെന്നും അരുളിച്ചെയ്തു.
അര്‍ധനാരീശ്വരനായി അവിടുത്തെ സാന്നിധ്യം എന്നും വേണമെന്ന് അഗസ്ത്യന്‍ ഭഗവാനോട് ആവശ്യപ്പെട്ടു. ഭഗവാന്‍ അപ്രകാരം അഗസ്ത്യനെ അനുഗ്രഹിച്ചു. ഒരു കല്ലില്‍ പാര്‍വതീ സമേതനായി വീണ്ടും പ്രത്യക്ഷപ്പെട്ടു. ക്ഷേത്രത്തില്‍ സ്വയം ഭൂവായ കല്ലില്‍ ഇപ്പോഴും പത്‌നീസമേതനായ ശിവരൂപമാണുള്ളത്.
പുലിയുടെ രൂപത്തില്‍ പ്രദേശവാസികളിലൊരാള്‍ക്ക് ശിവന്‍ ദര്‍ശനം നല്‍കിയെന്നും അതുകണ്ട് ‘നേഗന്തിനി ശിവനു ‘ ( ഞാന്‍ കണ്ടു ശിവനെ) എന്ന് അയാള്‍ അലറി വിളിച്ചെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. അംഗഭംഗമുള്ള വെങ്കടേശ്വര പ്രതിമ ഇപ്പോഴും അവിടെ ഗുഹയ്‌ക്കുള്ളിലുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുമലയില്‍ വെങ്കിടേശ്വരനെത്തും മുമ്പേ അതവിടെയുണ്ടന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിലെ നന്ദികേശ്വര പ്രതിമ നാള്‍ക്കു നാള്‍ വികസിക്കുന്നതായാണ് സങ്കല്പം. പ്രതിമയ്‌ക്കു ചുറ്റുമുള്ള ഒരു തൂണ്‍ ഇക്കാരണത്താല്‍ ഇളക്കി മാറ്റേണ്ടി വന്നതായാണ് കഥകള്‍. ക്ഷേത്രത്തിനു പിറകിലുള്ള ചെങ്കുത്തായ പാറക്കെട്ടിനു മീതെ സ്ഥാപിച്ചിട്ടുള്ള ആകാശദീപം അത്യപൂര്‍വമായൊരു കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: