സിബിഐ കഴുത്തിന് പിടിക്കുംവരെ ഏത് ചിദംബരനും ഓമനക്കുട്ടന്മാരാകുന്നതാണ് നമ്മുടെ പരിസരം. ദുരിതത്തിനിരയായവരില്‍നിന്ന് പിരിവെടുത്ത് ദുരിതാശ്വാസക്യാമ്പ് നടത്തുന്ന ചേര്‍ത്തലയിലെ ഓമനക്കുട്ടനും ദുരിതാശ്വാസത്തിന്റെ പേരില്‍ ബക്കറ്റെടുത്ത് കമ്പോളം നിരങ്ങുന്ന കോടിയേരിയിലെ ഓമനക്കുട്ടനും പാര്‍ട്ടിയുടെ ദുരിതം മാറ്റാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് പിടിച്ചുവാങ്ങിയ ശമ്പളമത്രയും ഒതുക്കത്തില്‍ വകമാറ്റിയ കുഞ്ചിത്തണ്ണിയിലെ ഓമനക്കുട്ടനും ദുരിതാശ്വാസ നിധിയില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന പിണറായിലെ ഓമനക്കുട്ടനുമൊക്കെ വാര്‍ത്തകളില്‍നിന്ന് മായാതെ നില്‍ക്കുമ്പോഴാണ് കോടികള്‍ കട്ട പൊന്നോമനക്കുട്ടന്റെ വരവ്. ചിദംബരന് പൊതുജനമധ്യത്തില്‍ ദിഗംബരനായത് രാത്രി 10 മണിക്ക് സിബിഐ മതിലുചാടിക്കടന്ന് കഴുത്തിന് പിടിച്ചപ്പോഴല്ല എന്നതാണ് വാസ്തവം. ആള് പണ്ടേ ഇക്കാര്യത്തില്‍ ഫേമസാണ്. മദര്‍ ഡെവിളിന്റെ കുശിനിക്കാരനാവാന്‍ മത്സരിച്ച് ഒടുവില്‍ ആ അടുക്കള കാബിനറ്റില്‍ ഇടംകിട്ടി പുണ്യാളനായ ആളാണ് അദ്ദേഹം. രാജ്യത്ത് ഹിന്ദുഭീകരരുണ്ടെന്ന് കണ്ടെത്തുന്നതില്‍ ശിവരാജ് പാട്ടീല്‍ പരാജയപ്പെട്ടപ്പോഴാണ് മാഡം സോണിയ ചിദംബരത്തെ ഇറക്കുന്നത്. പിന്നെന്തായിരുന്നു പുകില്.
ഭീകരവാദക്കേസുകള്‍ പോലും വര്‍ഗീയമാക്കി. ഹിന്ദുഭീകരരെന്ന് മുദ്രകുത്തി കുറേപ്പേരെ പിടിച്ചകത്തിട്ടു. മാഡത്തിനും മകനും വേണ്ടി എതിരാളികളെ മുഴുവന്‍ വേട്ടയാടി. സ്വാമി അസീമാനന്ദയും പ്രജ്ഞാസിങ് ഠാക്കൂറുമൊക്കെ ഭീകരരായി. അമിത്ഷാ കൊലയാളിയായി. നരേന്ദ്രമോദിയെ മണിക്കൂറുകള്‍ കുറ്റവിചാരണ ചെയ്ത് പളനിയപ്പ ചെട്ടിയാരുടെ മകന് മാഡത്തിന് പ്രിയപ്പെട്ടവനായി.
മൗനമോഹന് സിങിനെ നോക്കുകുത്തിയാക്കി രാജ്യം ഒട്ടാകെ കൊള്ളക്കാര്‍ സര്‍ക്കാര്‍ വാഹനത്തില്‍ കറങ്ങിനടന്നു. ഭൂമിയിലും ആകാശത്തും ഭൂമി തുരന്നും വരെ മോഷ്ടിച്ചു. കല്‍ക്കരിയില്‍, പുരുളിയയില്‍, കോമണ്‍വെല്‍ത്തില്‍, ടു ജിയില്‍, റയില്‍വേയില്‍ എന്നുവേണ്ട കുനിഞ്ഞുനിന്നിടത്തെല്ലാം കൊള്ളയായിരുന്നു. ചിദംബരത്തിന്റെ ഗോഡ്മദര്‍ നിന്ന നില്പ്പില് പലതവണ അപ്രത്യക്ഷയായി. മാഡം എവിടെപ്പോയെന്ന് മൗനമോഹന് അറിയില്ല. പാര്‍ട്ടിക്കാര്‍ക്ക് അറിയില്ല. ചികിത്സയ്ക്കെന്ന് ഒരു വായ്ത്താരി എവിടെയോ കേള്‍ക്കുമെന്നല്ലാതെ ഒന്നിനും വ്യക്തത ഉണ്ടായില്ല. മാഡത്തിന്റെ മരുമകന് വാങ്ങിക്കൂട്ടിയ സ്വത്തിന് കയ്യും കണക്കുമില്ല. മാഡത്തിനും കുടുംബത്തിനും കട്ടുമുടിക്കാന്‍ ഭരണത്തിന്റെ എല്ലാവഴികളും തുറന്ന് പിടിച്ചുകൊടുത്ത വിറകുവെട്ടികളുടെയും വെള്ളംകോരികളുടെയും തലതൊട്ടപ്പനായാണ് ചിദംബരത്തിനെ വിലയിരുത്തുന്നത്.
മാഡത്തിന് കൊള്ളയടിക്കാന്‍ റാന്‍ മൂളുമ്പോള്‍ ചിദംബരത്തിന് എന്ത് കിട്ടുമെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. ആള് റോമിങുള്ള കള്ളനാണ്… ഇംഗ്ലണ്ടില്‍ 88 ഏക്കര്‍ ഭൂമി, ആഫ്രിക്കയില്‍ മൂന്ന് കുതിര ലായവും കുതിരപ്പന്തയ യാര്‍ഡുകളും, ശ്രീലങ്കയില്‍ മൂന്ന് വലിയ റിസോര്‍ട്ടുകള്‍, ബാര്‍സിലോണയില്‍ പതിനഞ്ച് കോടിയുടെ ടെന്നിസ് അക്കാദമി, നാല് ഏക്കറില്‍ 11 ടെന്നിസ് കോര്‍ട്ടുകള്‍, പനാമ ഐലന്റ്, ദുബായ്, ഫ്രാന്‍സ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം, കരീബിയന്‍ ദ്വീപുകളില്‍ 21 മില്യണ്‍ പൗണ്ട് വിലയുള്ള വസ്തുവകകള്‍, സ്വന്തമായി കമ്പനികള്‍ വേറെയും. ഒരു ഡസന്‍ വീടുണ്ടത്രെ മാഡത്തിന്റെ അടുക്കളക്കാരന്. നാല്പത് മാള്‍, പതിനാറ് തീയേറ്റര്‍, ആംബുലന്‍സ്, വാസന് ഹെല്‍ത്ത് കെയര്‍… കച്ചവടം ഒഴുകിപ്പരക്കുകയാണ്. കുശിനിക്കാരന് ഈ വിധമാണെങ്കില്‍ അയാള്‍ വിളമ്പുന്നത് വിഴുങ്ങുന്ന മാഡവും മക്കളും ഏത് വിധമായിരിക്കും!
ജീവിതമോ സ്വാതന്ത്ര്യമോ ഏത് തെരഞ്ഞെടുക്കുമെന്ന് ചോദിച്ചാല്‍ താന്‍ സ്വാതന്ത്ര്യം തെരഞ്ഞെടുക്കുമെന്നാണ് പളനിയപ്പന്‍ ചിദംബരം ബുധനാഴ്ച രാത്രി 9.45ന് എഐസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് മൊഴിഞ്ഞത്. ഇത് പറയുമ്പോള്‍ സ്വാതന്ത്ര്യദാഹിയുടെ ഇരുപുറവുമായി വക്കീല്‍പ്രമാണികളായ കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നു. മനു അഭിഷേക് സിങ്വിയും കപില്‍ സിബലുമൊക്കെ നല്കിയ ധൈര്യത്തിലാണ് ഇരുപത്തേഴ് മണിക്കൂര്‍ ആരുടെയോ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ചിദംബരം സ്വാതന്ത്ര്യദാഹം പ്രകടിപ്പിക്കാന്‍ ആ രാത്രി കോണ്‍ഗ്രസ് ഓഫീസില്‍ ഓടിക്കയറിയത്. ഇ ഡിയും സിബിഐയും അറസ്റ്റിന് വരുന്നുണ്ടെന്ന് അറിഞ്ഞ് സ്വാതന്ത്ര്യപ്രേമി എഴുതിത്തയാറാക്കിയ പ്രസ്താവന വായിച്ച് അവിടുന്ന് മുങ്ങി ജോര്‍ബാഗിലെ 16 കോടിയുടെ ബംഗ്ലാവില്‍ കയറി ഒളിച്ചു. മതിലുചാടിയാണ് സിബിഐ ചിദംബരത്തെ പൊക്കിയത്. സത്യമായും അദ്ദേഹം സ്വാതന്ത്ര്യം ആഗ്രഹിച്ചതില്‍ തെറ്റില്ല.
രാജീവ് ഗാന്ധിയുടെ അടുക്കളയിലെത്തുംമുമ്പ് കുറേനാള്‍ ഇടതുപക്ഷത്തായിരുന്നു ചിദംബരം. എന്‍. റാമിന്റെയും മൈശിലി ശിവരാമന്റെയും കൂടെ റാഡിക്കല്‍ റിവ്യൂ എന്ന ജേണലിറക്കി നടന്ന കാലമോര്‍മ്മയുള്ളതുകൊണ്ടാവണം സോമയാജലു സീതാറാം യെച്ചൂരിയും കൂട്ടരും പുള്ളിക്കാരന് വേണ്ടി അധ്വാനിക്കുന്നത്. കോണ്‍ഗ്രസിലും അത് വിട്ട് തമിള്‍ മാനിലാ കോണ്‍ഗ്രസിലും എത്തിയിട്ടും മതിവരാതെ സ്വന്തമായി ഒരു പാര്‍ട്ടിയുമുണ്ടാക്കി… അതും പാളിയപ്പോഴാണ് മാഡത്തിന്റെ വിടുപണിക്കാരനാകുന്നത്.
പളനിയപ്പന്‍ ചിദംബരത്തിന് വയസ്സ് എഴുപത്തിമൂന്നുണ്ട്. പളനിയപ്പ ചെട്ടിയാരുടെയും ലക്ഷ്മി ആച്ചിയുടെയും മകന്. പണമിടപാടില്‍ സമ്പന്നമായ പാരമ്പര്യമാണ്. അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെയും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെയുമൊക്കെ സ്ഥാപകന്‍ സാക്ഷാല്‍ അണ്ണാമലൈ ചെട്ടിയാരുടെ കൊച്ചുമകന്. സുപ്രീംകോടതി ജസ്റ്റിസായിരുന്ന പി.എസ്. കൈലാസത്തിന്റെ മരുമകന്. തിണ്ണമിടുക്കിന് ആവുന്നതെല്ലാം ആയകാലത്തേ കൂട്ടിനുണ്ടെന്ന് സാരം. അടിച്ചുമാറ്റാതെതന്നെ രാജാവായി കഴിയാനുള്ള വകയുണ്ടായിട്ടും ചിദംബരന് ആര്‍ക്കുവേണ്ടി ദിഗംബരനായി എന്നാണ് അറിയാനുള്ളത്. ആങ്ങളയും പെങ്ങളും അളിയനുമെല്ലാം കൂടി ചിദംബരത്തിന് വേണ്ടി തലങ്ങും വിലങ്ങും പായുന്നതിന്റെ പിന്നാമ്പുറം അന്വേഷിച്ച് ഇനി അധികനാള്‍ അലയേണ്ടി വരുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: