ഇന്ത്യയുടെ സമ്പദ്ഘടന വലിയ പ്രതിസന്ധിയിലാണെന്നും രാജ്യം പാപ്പരാവുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുകേട്ടു. അഞ്ച് ട്രില്യണ്‍ സമ്പദ്ഘടന ലക്ഷ്യമാക്കി മുന്നോട്ടുപോകുന്ന ഒരു രാജ്യത്ത് ഇതൊക്കെ നടക്കുമെന്ന് ആരെങ്കിലും കരുതുന്നത് പരമ വിഢിത്തമാണ്. ഒരുകാര്യം കൂടി ഇതുസംബന്ധിച്ച് ഇപ്പോള്‍ സൂചിപ്പിക്കാം, ഇന്ത്യയുടെ എക്കണോമി ഒരു ട്രില്യണ്‍ ആവാന്‍ 55 വര്‍ഷം വേണ്ടിവന്നു. അത് ഇരട്ടിയാക്കാന്‍, രണ്ട് ട്രില്യണ്‍ ആക്കി ഉയര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഒരുവര്‍ഷം കൊണ്ട് സാധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ അത് മൂന്ന് ട്രില്യണ്‍ ആവണം എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അപ്പോഴും ഒരുകാര്യം കാണാതെപോയിക്കൂടാ, ഏതെങ്കിലും സമയത്ത് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ സക്രിയമായി ഇടപെടാന്‍ കേന്ദ്രത്തിനാവുന്നു എന്നത്. അതാണ് നിര്‍മല സീതാരാമന് അടുത്തിടെ പ്രഖ്യാപിച്ച ചില ഉത്തേജക നിര്‍ദ്ദേശങ്ങള്‍. ഈ വിമര്‍ശനങ്ങളുടെയും സര്‍ക്കാര്‍ എടുക്കുന്ന നടപടികളുടെയും പശ്ചാത്തലത്തില്‍ നമ്മുടെ സാമ്പത്തിക അവസ്ഥ സംബന്ധിച്ച് വിശദമായ ഒരു വിശകലനത്തിന് പ്രസക്തിയുണ്ട്. അതിന് സമയവുമുണ്ട്. എന്നാല്‍ അതിനേക്കാള്‍ ഇന്നിപ്പോള്‍ പ്രധാനം കേന്ദ്രസര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ഭരിക്കുന്ന കേരളത്തിന്റെ സാമ്പത്തികാവസ്ഥ എന്താണെന്ന് പരിശോധിക്കുക എന്നതാണ്.
വികസനവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ കേരളത്തിന് സ്ഥാനമില്ല എന്നത് വസ്തുതയാണ്. ഇവിടെ അടുത്തകാലത്തെങ്ങാനും അഞ്ഞൂറ് പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ഒരു സംരംഭം പുതിയതായി തുടങ്ങിയിട്ടുണ്ടോ, സംശയമാണ്. ഐടി മേഖലയിലുണ്ടാവും, എന്നാല്‍ അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടല്ല എന്നത് എല്ലാവര്‍ക്കുമറിയാം. ഒരു പുതിയ ഫാക്ടറി, മലയാളിക്ക് ഇന്ന് അതൊക്കെ ഒരു സ്വപ്നമാണ്. കാര്‍ഷികരംഗം ഏറെക്കുറെ അങ്ങനെ നിലനിന്നുപോകുന്നു എന്നല്ലേ ആര്‍ക്കും പറയാനാവൂ. ഖജനാവിലെത്തുന്ന പണംകൊണ്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ തികയാത്ത അവസ്ഥ. പരിധിവിട്ട് വായ്പയെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നുപറഞ്ഞ് നിലവിളിക്കുന്ന ഒരു ധനമന്ത്രി ഒരുപക്ഷെ കേരളത്തിന്റെ മാത്രം പ്രത്യേകതയാവും. അടിസ്ഥാന സൗകര്യ വികസനത്തിന് പണം കണ്ടെത്താന്‍ കഴിയുന്നത് കിഫ്ബിയിലൂടെ മാത്രമാണ്. അല്ലെങ്കില്‍ ഒരു ചെറു കലുങ്കുപോലും പുതുതായി കേരളത്തില്‍ ഉണ്ടാവുമെന്ന് കരുതിക്കൂടാ. കിഫ്ബിയുടെ വെബ്ബില്‍ ഒന്ന് ചെന്നുനോക്കൂ. കുറെയേറെ പദ്ധതികള്‍, അതിനൊക്കെ ലക്ഷങ്ങള്‍ അല്ലെങ്കില്‍ കോടികള്‍ ചിലവാകും. എന്നാല്‍ ഏതെങ്കിലുമൊന്ന് എവിടെയെങ്കിലുമെത്തിയോ? ഇല്ലതന്നെ. പദ്ധതിക്ക് അനുമതി, നടപ്പിലാക്കാന്‍ തുടങ്ങുന്നു, ടെണ്ടര്‍ നടപടിയിലേക്ക് കടക്കുന്നു, ഡിപിആര്‍ ആയി, സാങ്കേതിക അനുമതിക്ക് കാത്തിരിക്കുന്നു ഇങ്ങനെയുള്ള വിശദീകരണങ്ങള്‍ ആണ് അവിടെ കാണുക. ഒരുപക്ഷെ പൂര്‍ത്തിയായത് പാലാരിവട്ടത്തെ മേല്പ്പാലമാവണം. അത് നമ്മുടെ അഴിമതിയുടെ ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞല്ലോ. കേരളത്തെ ഒരു മരവിപ്പിലേക്ക് ഇക്കൂട്ടര്‍ എത്തിച്ചിരിക്കുന്നു എന്നര്‍ത്ഥം.
കേരളം ഇങ്ങനെയാണ് കുറേനാളായി എന്ന് വേണമെങ്കില്‍ പറയാം. തൊഴില്‍ പ്രശ്നങ്ങള്‍, തൊട്ടിടത്തെല്ലാം കൊടിയും മുദ്രാവാക്യവും… ഇങ്ങനെ നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ മലയാളിയെ വിട്ട് അന്യ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടു. കയര്‍ മേഖലയില്‍ പോലും ഇന്ന് കേരളത്തെക്കാള്‍ മുന്നേറാന്‍ ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് സാധിക്കുന്നു. കശുവണ്ടിയുടെ കേന്ദ്രം കേരളമായിരുന്നു, കൊല്ലം ആയിരുന്നു എന്ന് ഇന്ന് പറയേണ്ടിവരുന്നില്ലേ. കൈത്തറിയുടെ അവസ്ഥയും പറയാതിരിക്കുന്നതല്ലേ നല്ലത്. എന്‍ആര്‍ഐ ആയിരുന്നു പ്രധാന സാമ്പത്തിക ശ്രോതസ്. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി സ്വാഭാവികമായും മലയാളിയെയാണ് ഏറ്റവുമധികം ബാധിച്ചത്. ആ പണം വരവ് ഇനി കുറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ തിരിച്ചുവരവ് സൃഷ്ടിക്കാന്‍ പോകുന്ന തൊഴില്‍-സാമൂഹ്യ പ്രശ്നങ്ങള്‍ വേറെയും. ഇതൊക്കെ പ്രസംഗത്തിലും പ്രഖ്യാപനത്തിലും സൂചിപ്പിക്കുന്നുവെങ്കിലും പരിഹാരമായി യാതൊന്നും ക്രിയാത്മകമായി ചെയ്തിട്ടില്ല.
കേന്ദ്രപദ്ധതികള്‍ കുറെയെങ്കിലും നടപ്പിലാക്കിയിരുന്നുവെങ്കില്‍ കുറച്ചൊക്കെ ആശ്വാസമായേനെ. അതും വേണ്ടതുപോലെ ഉണ്ടായില്ല. ശരിയാണ്, പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് എല്‍എന്‍ജി പൈപ്പ്ലൈന് പൂര്‍ത്തിയാക്കിയത്. ദേശീയ പാത വികസനത്തിന് സ്ഥലമേറ്റെടുക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. എന്നാല്‍ അതൊക്കെ പൂര്‍ത്തിയാക്കാന്‍ ഇനിയുമായിട്ടില്ല. റെയില്‍വേ സ്ഥലമെടുപ്പും സമാനമാണ്. ഇത്തരം വികസന പദ്ധതികള്‍ യഥാവിധി നടന്നാല്‍ അത് സമ്പദ്ഘടനയില്‍ കുറേമാറ്റങ്ങള്‍ ഉണ്ടാക്കുമായിരുന്നു. എല്‍എന്‍ജി പദ്ധതികൊണ്ട് ഗുജറാത്തിനുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ നരേന്ദ്ര മോദി വിശദീകരിക്കുന്നത് നാം കേട്ടിട്ടുണ്ടല്ലോ. കേരളം അതില്‍ എത്രയോ പിന്നിലായിപ്പോയി. ഇത്തരം പ്രശ്നങ്ങളുണ്ട് എന്നത് തിരിച്ചറിഞ്ഞുകൊണ്ട് അഭിസംബോധന ചെയ്യാന്‍ കേരളത്തിനായോ? ഇല്ലല്ലോ. ലഭിക്കാവുന്ന പണം പോലും വികലമായ, വിദ്വേഷത്തിലൂന്നിയ ഭ്രാന്തന് രാഷ്ട്രീയ തീരുമാനങ്ങളിലൂടെ നശിപ്പിക്കുന്നതല്ലേ കേരളം കണ്ടത്? ബാര്‍ വിവാദം മുതല്‍ ശബരിമല വരെയുള്ളത് ആലോചിച്ചുനോക്കൂ.
ശബരിമല പ്രശ്നമാണ് ആദ്യമേ സൂചിപ്പിച്ചത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടുകള്‍, നടപടികള്‍ ഒക്കെയും തെറ്റായിപ്പോയി എന്ന് ഇന്നിപ്പോള്‍ സിപിഎം വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷം ശബരിമല തീര്‍ത്ഥാടന കാലത്ത് എന്തായിരുന്നു കേരളം കണ്ടത്. അതൊക്കെ ഇനിയും വിശദീകരിക്കേണ്ടതില്ല. എന്നാല്‍ അയ്യപ്പസ്വാമി വിരുദ്ധ നടപടികള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിച്ചത് എങ്ങനെയാണെന്ന് ആലോചിക്കാതെവയ്യല്ലൊ. ഒരു ഉദാഹരണമാണിത്. കേരള സര്‍ക്കാര്‍ സ്വയം ഉണ്ടാക്കിയതാണത്.
ശബരിമലയില്‍ ഒരു തീര്‍ത്ഥാടന സീസണില്‍ അഞ്ചുകോടി അയ്യപ്പന്മാര് എത്തുമെന്നാണ് ഏകദേശ ധാരണ. സര്‍ക്കാരും ദേവസ്വം ബോര്‍ഡുമൊക്കെ അവകാശപ്പെട്ടുവന്നിരുന്ന കണക്കാണിത്. അത് മുഖവിലയ്ക്ക് എടുത്താല്‍ ഈ രണ്ടുമാസക്കാലത്ത് കേരളത്തിന് ലഭിച്ചിരുന്നത് ആയിരക്കണക്കിന് കോടി രൂപയാണ്. കേരളത്തില്‍ ചിലവഴിക്കപ്പെട്ടിരുന്ന പണത്തിന്റെ ഏകദേശ തോതാണിത്. ഇതില്‍ കൂടാനേ സാധ്യതയുള്ളൂ. ദേവസ്വം ബോര്‍ഡിന് മാത്രം ഒരു വര്‍ഷം ഇക്കാലത്ത് ലഭിച്ചിരുന്നത് 250 കോടിയാണ്. ഈ ചിന്തയില്‍ അതിശയോക്തിയില്ല. ഒരു ലിറ്റര്‍ കുപ്പിവെള്ളം ഒരാള്‍ വാങ്ങിയാല്‍ ഇവിടെ ചിലവാക്കപ്പെടുന്നത് 100 കോടി രൂപയല്ലേ. ഒരു ചായയല്ല ഒരുകുപ്പി വെള്ളമല്ല ഒരാള്‍ കുടിക്കുക. പെട്രോള്‍, ഡീസല്‍ മുഖാന്തരം എത്തുന്ന തുകയോ, മംഗലാപുരം വഴി കേരളത്തിലെത്തുന്ന ഒരു വാഹനം പമ്പയിലെത്താന്‍ ചുരുങ്ങിയത് 500 കിലോമീറ്റര്‍ യാത്രചെയ്യണം. കോയമ്പത്തൂര്‍ വഴിവരുന്ന ഭക്തര്‍ ഇവിടെ 250-275 കിലോമീറ്റര്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിനുള്ളില്‍ യാത്രചെയ്യും. അതായത് അതിന്റെ ഇരട്ടിദൂരം അവര്‍ കേരളത്തില്‍ യാത്രചെയ്യുന്നു. ആയിരക്കണക്കിന് വാഹനങ്ങളാണ് എത്തുന്നത്. എത്ര ലിറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ അവര്‍ വാങ്ങുന്നുണ്ട്? മറ്റൊന്ന് വാഹനവകുപ്പിന്റെ എന്‍ട്രി ടാക്സ് ആണ്. ഇതൊക്കെ നേരിട്ട് സര്‍ക്കാരിലെത്തുന്ന പണത്തിന്റെ കണക്കാണ്.
മറ്റൊന്ന് ഈ സീസണില്‍ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും അവരെത്തുന്നു, ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല അതിന് ചുറ്റുമുള്ള വ്യാപാരവാണിജ്യ മേഖലയ്ക്ക്, ഹോട്ടലുകള്‍ക്ക് ഒക്കെ സുവര്‍ണ്ണ കാലമാണ്. ഇതൊക്കെ കണക്കിലെടുത്താല്‍ ഒരുവര്‍ഷം ഇക്കാലത്ത് കേരളത്തില്‍ എത്തുക ഏതാണ്ട് 16,000 കോടിയാണ് എന്നൊക്കെ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അത് അതിനപ്പുറമാവും എന്നതാണ് യാഥാര്‍ഥ്യം. ഇരുപതിനായിരം കോടിയെന്ന് കരുതിയാല്‍ അതിശയിക്കാനില്ല. രണ്ടുമാസം കൊണ്ട് ശബരിമല അയ്യപ്പന് കേരളത്തിന് നല്കുന്നതാണിത്. സംസ്ഥാനത്ത് നഗര ഗ്രാമീണ മേഖലയെ ഒന്നാകെ ഉത്തേജിപ്പിക്കുന്ന കാലഘട്ടമാണിത് എന്ന് ചുരുക്കം.
ഈ കോടികളാണ് ഇടത് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഇല്ലാതാക്കിയത്. അയ്യപ്പന്മാര് ഇവിടേയ്ക്ക് വരാന്‍ മടിച്ചു. അവസാനം വന്ന ഭക്തരാവട്ടെ വേഗത്തില്‍ തിരിച്ചോടി. മാത്രമല്ല, കേരളത്തില്‍ ഇക്കാലം ഒരര്‍ഥത്തില്‍ ടൂറിസം സീസണാണ്. ജഗന്നാഥ രഥയാത്രയെ ഒറീസ കൈകാര്യം ചെയ്യുന്നത് നോക്കൂ. ഭീകരന്മാര് തോക്കുയര്‍ത്തി നില്‍ക്കുമ്പോഴും അമര്‍നാഥ് യാത്രക്ക് കശ്മീര്‍ ഭരണകൂടം നല്കുന്ന പ്രാധാന്യമോ? ക്ഷേത്രാധിഷ്ഠിത വിനോദസഞ്ചാരത്തിനുള്ള പ്രാധാന്യം കാണാതെ പോയിക്കൂടാത്തതാണ്; പ്രത്യേകിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പക്ഷെ ഇവിടെ അതൊന്നും കണക്കിലെടുക്കപ്പെടുന്നില്ല. വേണമെങ്കില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ക്ഷേത്രങ്ങള്‍ ആശ്രമങ്ങള്‍ എന്നിവയൊക്കെ ചേര്‍ത്ത് ഒരു തീര്‍ത്ഥാടന ശൃംഖല സൃഷ്ടിക്കാവുന്നതല്ലേ. ടൂറിസം മേഖലയില്‍ ഇത്രയൊക്കെ സ്ഥാനമുള്ള കേരളം പക്ഷെ രൂപപ്പെടുത്തിയത് ഖജനാവ് കാലിയാക്കുന്ന പദ്ധതിയാണ്. രാഷ്ട്രീയമായി ഇടത് മുന്നണിയെ തകര്‍ത്തുവെന്ന് മാത്രമല്ല അവര്‍ കേരളത്തിന്റെ ഖജനാവിനെ തകര്‍ക്കുകയും ചെയ്തു. അതുപോലെ അനവധി കാര്യങ്ങള്‍. ഇതൊക്കെ കഴിഞ്ഞ് കടം വാങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: