ആലപ്പുഴ: നഗരസഭ 13-ാം വാര്‍ഡില്‍ ഹൈടെക് അങ്കണവാടി നിര്‍മ്മാണം അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്ന് വിമര്‍ശനം. നഗരസഭവക പുറംപോക്കില്‍ അങ്കണവാടി നിര്‍മ്മാണത്തിനു കൗണ്‍സില്‍ ഏകകണ്ഠമായി അനുമതി നല്‍കിയിട്ടും പ്രദേശത്തെ ചില സിപിഎം പ്രവര്‍ത്തകര്‍ ഇതിന്റെ അളവടക്കം തടസ്സപെടുത്തിയതായി വാര്‍ഡ് കൗണ്‍സിലര്‍ ഡി. ജ്യോതിഷ് ആരോപിച്ചു.
സെന്റ് മേരീസ് പാലത്തിനു സമീപം കാലപഴക്കത്താല്‍ ജീര്‍ണിച്ച അങ്കണവാടിക്കു പകരം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ സഹകരണത്തില്‍ 30 ലക്ഷം വിനിയോഗിച്ച് ഹൈടെക് അങ്കണവാടി നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് അട്ടിമറിക്കുന്നത്. നഗരസഭ അനുവദിച്ച അഞ്ചുസെന്റ് അളന്നുതിട്ടപെടുത്താന്‍ റവന്യൂ അധികൃതര്‍ എത്തിയപ്പോഴാണ് തടസ്സവാദങ്ങള്‍ ഉയര്‍ത്തിയത്. പാര്‍ട്ടി പരിപാടി നടത്തുന്ന സ്ഥലത്ത് അങ്കണവാടി അനുവദിക്കില്ലെന്ന നിലപാടെടുത്ത് ഭീഷണി മുഴക്കിയതായും ജ്യോതിഷ് പറഞ്ഞു.
നിലവില്‍ കെട്ടിടം നില്‍ക്കുന്ന സ്ഥലത്ത് സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ചുള്ള നിര്‍മ്മാണത്തിനു അനുമതിയില്ലാത്തതിനാലാണ് നഗരസഭാ പുറംപോക്കില്‍ അനുമതി തേടിയത്. രാഷ്‌ട്രീയ വ്യത്യാസങ്ങളില്ലാതെ വാര്‍ഡിന്റെ വികസനത്തിനും കുട്ടികളുടെ ഉന്നമനത്തിനുമായുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പാര്‍ട്ടി നേതൃത്വം ഇതു പരിശോധിക്കണമെന്നും ജ്യോതിഷ് ആവശ്യപെട്ടു.
















