അറിയില്ലെ! എ.പി. അബ്ദുള്ളക്കുട്ടിയെ. സിപിഎം വഴി രണ്ടുതവണ ലോക്സഭാംഗമായ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി. സിപിഎം അക്കാരണത്താല്‍ അബ്ദുള്ളക്കുട്ടിയെ പുറത്താക്കി. അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കണ്ണൂരില്‍നിന്നും എംഎല്‍എയുമായി. പിന്നെ തോറ്റു. തോറ്റെങ്കിലും നരേന്ദ്രമോദിയുടെ ഭരണത്തിലെ മഹിമ അബ്ദുള്ളക്കുട്ടിക്ക് മറക്കാനായില്ല. മറയില്ലാതെ, ഗാന്ധിജിയുടെ സ്വപ്നമാണ് നരേന്ദ്രമോദി ഭരണം നടപ്പാക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി. പോരെ പൂരം? കോണ്‍ഗ്രസ് നേതൃത്വം കോടാലിയെടുത്തു. അബ്ദുള്ളക്കുട്ടിയുടെ കോണ്‍ഗ്രസ് ബന്ധം അറുത്തുമാറ്റി. ഒടുവില്‍ അബ്ദുള്ളക്കുട്ടി നരേന്ദ്രമോദിയുടെ പാര്‍ട്ടിയിലെത്തി. അബ്ദുള്ളക്കുട്ടി ചെറുമീനായതിനാല്‍ പൊക്കിയെറിഞ്ഞവര്‍ ജയറാം രമേശിനേയും അഭിഷേക് സിംഗ്വിയേയും എന്തുചെയ്യും? കോണ്‍ഗ്രസ് നേതൃത്വം ഇവര്‍ക്കെതിരെ കോടാലിയെടുക്കുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, രംഗത്ത് വന്നത് തൊണ്ടയില്‍ കുരുങ്ങിയ മുള്ളാണ് കോണ്‍ഗ്രസ്സിനിപ്പോള്‍. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്റാം രമേഷാണ് ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വിയും ട്വീറ്റ് ചെയ്തു. ഉജ്വല യോജന മികച്ചതായിരുന്നുവെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസ്സിനു ഗുണംചെയ്യില്ലെന്ന് ജയറാം രമേശ് ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങിലാണ് പറഞ്ഞത്.
മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ല. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദിഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂര്‍ണമായും ശരില്ലെന്നും സാമ്പത്തികവിദഗ്ധന്‍ കൂടിയായ ജയ്റാം രമേഷ് പറഞ്ഞു. രാജീവിന്റെ 75-ാം ജന്മവാര്ഷികത്തില് മോദിക്കെതിരെ ആക്ഷേപശരവര്‍ഷം ഭാര്യ സോണിയ നടത്തുമ്പോഴാണ് ജയറാമിന്റെ മോദിസ്തുതി.
പ്രധാന്‍മന്ത്രി ഉജ്വല യോജന ഉള്‍പ്പെടെയുള്ള പദ്ധതികളെ രാഷ്ട്രീയമായി എല്ലാവരും കളിയാക്കി. എന്നാല്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതാണ് കോടിക്കണക്കിനു സ്ത്രീകളെ മോദിക്ക് അനുകൂലമാക്കിയത്. 2014 തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ നേട്ടം മോദിക്കുലഭിച്ചു. 2014 മുതല്‍ 2019 വരെയുള്ള കാലയളവിലെ മോദിയുടെ പ്രവര്‍ത്തനങ്ങളാണ് വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 37.4 ശതമാനം വോട്ടാണു ബിജെപിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ആകെ 45 ശതമാനവും. മോദിയുടെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞില്ലെങ്കില്‍ ഫലപ്രദമായി നേരിടാന്‍ കഴിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പ്രവര്‍ത്തനങ്ങളെ വ്യക്തിപരമായി അല്ലാതെ വസ്തുതാപരമായി പരിഗണിക്കണമെന്നും മനു സിങ്വി ട്വീറ്റ് ചെയ്തു. പ്രവൃത്തികളില്‍ തെറ്റും ശരിയും ഭിന്നതയും ഉണ്ടാകും. എന്നാല്‍ വസ്തുതാപരമായി വിലയിരുത്തുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ പല കോണ്‍ഗ്രസ് നേതാക്കളും മോദിസര്‍ക്കാരിനെ പിന്തുണച്ചിരുന്നു. കരണ്‍സിംഗ്, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ അതില്‍പെടുന്നു. അതിന് പിന്നാലെയാണ് ഉജ്വല്‍ യോജനയെ പുകഴ്ത്തി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. അരഞ്ഞാണം പാമ്പായി പരിണമിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്.
ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തെ പ്രത്യേകകോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടതിനെ കോണ്‍ഗ്രസ്സിലെ ചെറുതും വലുതുമായ നേതാക്കള്‍ വിറളി പിടിക്കുകയാണ്. 305 കോടി രൂപ വളഞ്ഞ വഴിയില്‍ സമ്പാദിച്ചതിനെതിരെയാണ് അന്വേഷണ ഏജന്‍സികളുടെ നടപടി. ഇത് ജനാധിപത്യ കശാപ്പെന്നാണ് മലയാളിയായ കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. ദുര്‍ബ്ബലനായ നേതാവാണ് താനെന്ന് തെളിയിച്ച വിദ്വാനാണ് ഇയാള്‍. ഗോവയിലും കര്‍ണാടകയിലും നിരീക്ഷകനായിരുന്നല്ലൊ വേണു. അഴിമതി നടത്തി ഞെളിഞ്ഞുനടക്കുക എന്നതാണല്ലോ ജനാധിപത്യം. കഷ്ടം എന്നല്ലാതെ മറ്റെന്തുപറയും!
ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ തുടരും. ചിദംബരത്തെ 5 ദിവസം കസ്റ്റഡിയില്‍ ലഭിക്കണമെന്ന അപേക്ഷയാണ് സിബിഐ സമര്‍പ്പിച്ചത്. എന്നാല്‍ 4 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. ദിവസവും അരമണിക്കൂര്‍വീതം അഭിഭാഷകനും കുടുംബത്തിനും ചിദംബരത്തെകാണാം. 48 മണിക്കൂര്‍ കൂടുമ്പോള്‍ വൈദ്യപരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റുചെയ്തതെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. ചിദംബരം അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. അന്വേഷണത്തോട് സഹകരിക്കുന്നില്ല. കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാല് കസ്റ്റഡിയില്‍ വേണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. ചിദംബരത്തിനുവേണ്ടി കപില്‍സിബലും അഭിഷേക് മനു സിങ്വിയും വാദിച്ചു. പക്ഷേ കോടതിക്ക് ബോധിച്ചില്ല.
ഇതേ കേസില്‍ രണ്ടുപേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്, കുറ്റപത്രത്തിന്റെ കരട് തയാറായെങ്കില്‍ കസ്റ്റഡി എന്തിന്?, കേസില്‍പ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല, കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്തത് 3 മണിക്കൂര്‍ മാത്രം, തുടങ്ങിയ വാദങ്ങള്‍ സിബല്‍ ഉന്നയിച്ചു. പി. ചിദംബരവും കോടതിയില്‍ വാദിച്ചു. സിബിഐ ഇന്നു ചോദിച്ച 12 ചോദ്യങ്ങളില്‍ ആറ് എണ്ണവും കഴിഞ്ഞ ഓഗസ്റ്റില്‍ തന്നോടു ചോദിച്ചതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ടുണ്ട്. തനിക്ക് വിദേശ അക്കൗണ്ടില്ല, മകന് വിദേശ അക്കൗണ്ടുണ്ട്. പ്രസക്തമായ ഒരു ചോദ്യവും സിബിഐ ചോദിച്ചില്ലെന്നും ചിദംബരം. പക്ഷേ പ്രതിയുടെ വക്കീലും കോണ്‍ഗ്രസുകാരും പറയുന്നത് കക്ഷിയെ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ചോദ്യശരങ്ങള്‍ തുടരുന്നു എന്നാണ്. വക്കീലന്മാര്ക്ക് എന്തും പറയാമെന്നാണോ? ഏതായാലും ഒരു കേസിലല്ല പലകേസിലും കുരുക്ക് മുറുകുകയാണ്.
കഷ്ടകാലത്ത് മൊട്ടയടിച്ചാല്‍ അങ്ങനെയാണ്. കല്ലുമഴ വന്നുകൊണ്ടേയിരിക്കും. ലണ്ടനില്‍ കോളേജുകള്‍. പത്ത് രാജ്യങ്ങളില്‍ സ്വത്ത്. 17 സുഹൃത്തുക്കള്‍ക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ട്. മകനും നിക്ഷേപവും ബാങ്ക് അക്കൗണ്ടും. ആരും തൊടില്ല, ചോദിക്കില്ല എന്ന മുന്‍ കേന്ദ്രമന്ത്രിയുടെ ധാരണ തെറ്റിദ്ധാരണയായി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ദൃഢനിശ്ചയമെടുത്ത ഭരണമാണ് കേന്ദ്രത്തിലുള്ളത്. ആ ധൈര്യമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ശക്തിപകരുന്നത്. അല്ലാതെ രാഷ്ട്രീയ പ്രേരിതമായി ആര്‍ക്കെതിരെയും നീങ്ങിയിട്ടില്ല. നീങ്ങുകയുമില്ല. ചിദംബരത്തെ പിടിച്ചപ്പോള്‍, ഇത് കോണ്‍ഗ്രസിനെ താറടിക്കാനും തകര്‍ക്കാനുമെന്ന മുറവിളി. പണ്ട് കുഞ്ഞാലിക്കുട്ടിയും പറഞ്ഞത് അതുതന്നെ. ഇത് ഇസ്ലാമിനെതിരായ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: