തിരുവനന്തപുരം: ശംഖുംമുഖത്ത് കടലില്‍ ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിനെ കാണാതായത് കയ്യെത്തുംദൂരത്ത് നിന്ന്. തിരയടിച്ച് അപകടം പറ്റിയ സമയത്തുതന്നെ കൂടെയുണ്ടായിരുന്നവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ജോണ്‍സണ്‍ കടലില്‍പ്പെട്ടുപോകുകയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാണാതായത്. വിനോദത്തിനെത്തിയവരും ലൈഫ്ഗാര്‍ഡുകളായ സഹപ്രവര്‍ത്തകരും നോക്കിനില്‍ക്കെയായിരുന്നു ശക്തിയേറിയ തിര ജോണ്‍സണെ കവര്‍ന്നെടുത്തത്. ജോണ്‍സന് സഹായിയായി കടലിലേക്ക് ചാടിയ ലൈഫ് ഗാര്‍ഡും മറ്റൊരു വ്യക്തിയും അബോധാവസ്ഥയിലായ യുവതിയെ കരയിലേക്ക് കയറ്റാനുളള ശ്രമത്തിനിടയില്‍ അപകടത്തില്‍പ്പെട്ട ജോണ്‍സനെ കണ്ടില്ല. എന്നാല്‍ മറ്റ് രണ്ട് ലൈഫ്ഗാര്‍ഡുകള്‍ ജോണ്‍സനെ തിരയെടുക്കുന്നത് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ നാട്ടുകാരനും ജോണ്‍സന്റെ അയല്‍വാസിയുമായ ഫ്രെഡി ഇക്കാര്യം ചോദ്യംചെയ്തപ്പോള്‍ ഞങ്ങള്‍ക്ക് കടലില്‍ ചാടി മരിക്കാന്‍ കഴിയില്ലായെന്ന മറുപടിയാണ് മറ്റ് ലൈഫ്ഗാര്‍ഡുകള്‍ നല്‍കിയതെന്ന് ഫ്രെഡി ‘ജന്മഭൂമി’യോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡിന്റെ പരിശോധന രാത്രി വൈകിയും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ കോസ്റ്റ്ഗാര്‍ഡിന്റേയും കോസ്റ്റല്‍ പോലീസിന്റേയും മൂന്ന് ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ രണ്ട് വളളങ്ങളും കടലില്‍ തെരച്ചില്‍ നടത്തിയതിനുപുറമെ നേവിയുടെ വിമാനവും നീരീക്ഷണം നടത്തി. കോവളം മുതല്‍ പെരുമാതുറ വരെയാണ് തെരച്ചില്‍ നടത്തിയത്.
സബ് കളക്ടര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങി നേവിയുടേയും പോലീസിന്റേയും ഉന്നതാധികൃതര്‍ ശംഖുംമുഖത്തെത്തി തെരച്ചില്‍ സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി. കടലില്‍ കാണാതായ ജോണ്‍സന്റെ കുടുംബത്തിന് വേണ്ട സഹായം ലഭിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.
















