തൃശൂർ: കൈത്തറിയുടെ നാടായ കുത്താമ്പുള്ളിയില്‍ ഓണവിപണി കയ്യടക്കാന്‍ കസവ് ഒരുങ്ങുന്നു. ഓണക്കാലം ഈ കസവ് ഗ്രാമത്തിന് വലിയ പ്രതീക്ഷകളുടേയും കൂടി കാലമാണ്. പ്രധാനമായും ഓണവിപണി ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന കസവു ഗ്രാമത്തിന് കഴിഞ്ഞ വര്‍ഷത്തെ പ്രളയം സമ്മാനിച്ചത് കനത്ത പ്രഹരമാണ്.
പഴയതെല്ലാം മറന്ന് മലയാളികള്‍ക്ക് ഓണപ്പുടവകളൊരുക്കുന്ന തിരക്കിലാണ് കുത്താമ്പുള്ളിയിപ്പോള്‍. അഞ്ചു തലമുറകള്‍ക്ക് മുന്‍പ് കൊച്ചി രാജാവിന്റെ ഉടയാടകള്‍ നെയ്യാന്‍ കര്‍ണാടകത്തില്‍ നിന്നെത്തിയ ദേവാങ്കരുടെ പിന്‍മുറക്കാരാണ് ഇന്ന് കുത്താമ്പുള്ളിയിലുള്ളവര്‍.
ഓരോ വര്‍ഷവും കസവില്‍ പുതുമകള്‍ തീര്‍ത്താണ് ദേവാങ്കര്‍ ഓണ വിപണിയെ സജീവമാക്കുന്നത്.
















