ബേസല്‍: ഇന്ത്യയുടെ സായ് പ്രണീത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം മലയാളി താരം എച്ച്.എസ്്. പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ പൊരുതിത്തോറ്റു.
ലോക എട്ടാം നമ്പറായ ഇന്തോനേഷ്യന്‍ താരം ജിന്റിങ്ങിനെ അട്ടിമറിച്ചാണ് സായ് പ്രണീത് ക്വാര്‍ട്ടറിലെത്തിയത്. ലോക പത്തൊമ്പതാം നമ്പറായ സായ് പ്രണീത് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയിച്ചത്. സ്‌കോര്‍ 21-19, 21-13. ജോനാഥന്‍ ക്രിസ്റ്റിയും ജോര്‍ജന്‍സണും തമ്മിലുള്ള പ്രീ ക്വാര്‍ട്ടറിലെ വിജയിയെയാണ് സായ് പ്രണീത് ക്വാര്‍ട്ടറില്‍ നേരിടുക.
ലോക ഒന്നാം നമ്പറായ ജപ്പാന്റെ കെന്റോ മൊമൊറ്റോയോടാണ് പ്രണോയ് പൊരുതിത്തോറ്റത്. സ്‌കോര്‍ 19-21, 12-21. മത്സരം 56 മിനിറ്റില്‍ അവസാനിച്ചു. ലോക മുപ്പതാം നമ്പറായ പ്രണോയ് ആദ്യ ഗെയിമില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ പൊരുതിക്കയറിയ പ്രണോയ് അവസാന നിമിഷങ്ങളില്‍ പിഴവ് വരുത്തിയതോടെ ഗെയിം നഷ്ടമായി.
രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ പിന്നാക്കം പോയ പ്രണോയ് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും കെന്റോയുടെ മികവിന് മുന്നില്‍ ഒടുവില്‍ കീഴടങ്ങി. ആറു തവണ ലോക ചാമ്പ്യനായ ലിന്‍ ഡാനെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചാണ് പ്രണോയ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. മൂന്ന് ഗെയിം നീണ്ട ശക്തമായ പോരാട്ടത്തിലാണ് പ്രണോയ് ലിന്‍ ഡാനെ അട്ടിമറിച്ചത്.
















