ഹൈദരാബാദ് : ആന്ധ്രാപ്രദേശ് നിയമസഭയില്‍ നിന്നും കാണാതായ കമ്പ്യൂട്ടറുകളും എയര്‍കണ്ടീഷനുകളും തെലുങ്ക് ദേശം പാര്‍ട്ടി നേതാവും മുന്‍ സ്പീക്കറുമായ കോഡെലെ ശിവപ്രസാദിന്റെ വസതിയില്‍. ആന്ധ്രാപ്രദേശിലെ നിയമസഭ മന്ദിരം ഹൈദരാബാദില്‍നിന്നും അമരാവതിയിലേക്ക് മാറ്റുന്ന നടപടികളുടെ മറവിലാണ് ശിവപ്രസാദ് റാവു ഇവയെല്ലാം സ്വവസതിയിലേക്ക് കടത്തുകയായിരുന്നു.
നിയമസഭാ മന്ദിരം മാറ്റിയപ്പോള്‍ കമ്പ്യൂട്ടറകളും, എസിയും കാണാനില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ഇത് വിവാദമാവുകയും ചെയ്തിരുന്നു. ഇതോടെ സാധനങ്ങള്‍ തന്റെ വസതിയിലുണ്ടെന്ന് സമ്മതിച്ച് കോഡെല ശിവപ്രസാദും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഇവ താന്‍ കടത്തിയതല്ലെന്നും താത്കാലികമായി വീട്ടില്‍ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഫര്‍ണ്ണീച്ചറുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ഇത് ചെയ്തതെന്നും ഇവ കൈമാറാന്‍ താന്‍ തയ്യാറാണെന്നും ഇനി പണം വേണമെങ്കില്‍ അതും നല്‍കാമെന്നും മുന്‍ സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
















