കൊല്‍ക്കത്ത: പതിനാറു തവണ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഗോകുലം കേരള എഫ്‌സി ഡ്യൂറന്‍ഡ് കപ്പിന്റെ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. അടിമുടി ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ ഷൂട്ടൗട്ടിലാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ തകര്‍ത്തുവിട്ടത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. ഷൂട്ടൗട്ടില്‍ രണ്ട് ഗോളുകള്‍ രക്ഷപ്പെടുത്തിയ ഉബൈദാണ് ഗോകുലത്തിന്റെ വിജയശില്‍പ്പി.
ഈസ്റ്റ് ബംഗാള്‍ താരങ്ങളായ സാന്റോസ്, ടോന്‍ഡോംബ എന്നിവരുടെ ഷോട്ടുകളാണ് മുന്‍ ഈസ്റ്റ് ബംഗാള്‍ താരമായ ഉബൈദ് തടുത്തിട്ടത്. ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിന്റെ ആദ്യ കിക്കെടുത്ത ലാല്‍റിന്‍ഡികയ്‌ക്ക് പിഴച്ചു. പന്ത് പോസ്റ്റില്‍ തട്ടി തെറിച്ചു.
അതേസമയം ഗോകുലത്തിന്റെ പെലിസാറി, ജസ്റ്റിന്‍ ജോര്‍ജ്, ലാല്‍റോമാവ്യ എന്നിവരുടെ ഷോട്ടുകള്‍ ലക്ഷ്യം കണ്ടു. മാലെംഗാംബയുടെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി രക്ഷപ്പെടുത്തി.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ വിജയികളെ കണ്ടെത്തിയത്.
നിശ്ചിത സമയത്ത് അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോള്‍ നേടി ഈസ്റ്റ് ബംഗാളിനൊപ്പം എത്തിയത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ മാര്‍കസ് ജോസഫാണ് പെനാല്‍റ്റിയിലൂടെ നിര്‍ണായക ഗോള്‍ നേടിയത്. ഗോകുലത്തിന്റെ ഇര്‍ഷാദിനെ ഈസ്റ്റ് ബംഗാള്‍ താരം മെഹ്താബ് ബോക്‌സിനുള്ളില്‍ വീഴത്തിയതിനാണ് പെനാല്‍റ്റി വിധിച്ചത്. ചുവപ്പ് കാര്‍ഡ് കണ്ട മെഹ്താബ് പുറത്തായി.
കളിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം പിന്നാക്കം പോയി. 19-ാം മിനിറ്റില്‍ സമദ് മാലിക്ക് ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. പിന്നീട് ശക്തമായി ചെറുത്തുനിന്ന ഗോകുലം രണ്ടാം പകുതിയില്‍ തകര്‍ത്തു കളിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ഗോളും നേടി.
ശനിയാഴ്ചയാണ് ഫൈനല്‍. മോഹന്‍ ബഗാനും റിയല്‍ കശ്മീരും തമ്മിലുള്ള സെമിഫൈനലിലെ വിജയികളെയാണ് ഗോകുലം ഫൈനലില്‍ എതിരിടുക.
















