രാജാക്കാട്: ശാന്തമ്പാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറ മുള്ളംതണ്ടില്‍ പ്രളയത്തില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ഗര്‍ത്തം കൂടുതല്‍ ഇടിഞ്ഞിരിക്കുകയാണ്.
താഴ്‌വാരത്തായി നിരവധി വീടുകളടക്കം സ്ഥിതിചെയ്യുന്നതിനാല്‍ ജില്ലാ മൈനിങ് ആന്റ് ജിയോളജി വിഭാഗമെത്തി പരിശോധന നടത്തി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശാന്തമ്പാറ പഞ്ചായത്തിലെ ജനവാസ മേഖലയായ മുള്ളംതണ്ട് മലമുകളിലാണ് റോഡിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന കുഴി നിലവില്‍ വലുതായി മാറിയിരിക്കുകയാണ്. ഇതുവഴി കടന്നുപോകുന്ന റോഡിനടിയില്‍ കൂടി ഗര്‍ത്തം ഇടിഞ്ഞ് താഴ്ന്നിരിക്കുന്ന അവസ്ഥയാണ്. ഇതിലൂടെ ഒഴുകുന്ന വെള്ളം മലയ്‌ക്കുള്ളിലേക്കാണ് പോകുന്നതായി കാണുന്നത്.
ശക്തമായ മഴയില്‍ ഒഴുകിയെത്തിയ വെള്ളവും ഗര്‍ത്തത്തിലൂടെയാണ് ഒഴുകി പോയതെന്ന് നാട്ടുകാര്‍ പറയുന്നു. ഗര്‍ത്തം വലുതാകുന്ന സാഹചര്യത്തില്‍ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. സമാനമായി ജില്ലയില്‍ നിരവധിയിടങ്ങളാണ് അപകട ഭീഷണിയില്‍ ഉള്ളത്. ഈ മേഖലകളില്‍ പരിശോധന നടത്തി അപകട മേഖലകളില്‍ ഉള്ളവരെ മാറ്റി താമസിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം ചെയ്യുന്നത്. മിക്കവരും വീട് വിട്ട് മാറാന്‍ തയ്യാറാവത്തതും ഇടവിട്ട് ശക്തമായ മഴയെത്തുന്നതും ഭീഷണി വര്‍ദ്ധിപ്പിക്കുകയാണ്.
















