ന്യൂദല്‍ഹി : കശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതില്‍ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ അതേ രീതിയില്‍ തന്നെ നേരിടുമെന്ന് ഇന്ത്യ. ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യയ്‌ക്ക് വ്യത്യസ്തമായ സമീപനങ്ങളാണ് ഉള്ളത്. ഓരോ രാജ്യത്തിനും അവര്‍ക്ക് ലഭ്യമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ അര്‍ഹതയുണ്ടെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ യുഎന്നില്‍ ഉന്നയിച്ച് അന്താരാഷ്‌ട്ര ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. കുല്‍ഭൂഷന്‍ ജാദവ് കേസിലും പാക് വാദങ്ങള്‍ തകര്‍ന്നടിയുകയാണ് ഉണ്ടായത്. യുഎന്‍ രക്ഷാ സമിതിയില്‍ പാക് വാദങ്ങള്‍ക്ക് പിന്തുണ ലഭിക്കാതിരുന്നത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയാണ് കാശ്മീര്‍ വിഷയത്തില്‍ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പ്രതികരിച്ചത്. എല്ലാ നിയമ വശങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് ഷാ ഖുറേഷി അവകാശപ്പെട്ടു. കാശ്മീരില്‍ ഇന്ത്യ വംശഹത്യ നടത്തുകയാണ് എന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. യുഎന്നില്‍ ഈ വിഷയം ഉയര്‍ത്തിയെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് അംഗരാഷ്‌ട്രങ്ങള്‍ നിലപാട് സ്വീകരിച്ചത്.
അതിനിടെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പാക്കിസ്ഥാനുമായി ഇന്ത്യ ഏതെങ്കിലും വിഷയത്തില്‍ ചര്‍ച്ച നടത്തുകയാണ് എങ്കില്‍ ഇനി അത് പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അറിയിച്ചു.
















