ന്യൂദല്‍ഹി : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാക്കിയതിനെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നു. വിഷയം ഐക്യരാഷ്‌ട്ര സഭയുടെ പരിഗണനയ്‌ക്ക് വിട്ടെങ്കിലും മുഖവിലയ്‌ക്ക് എടുക്കന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര കോടതിയില്‍ എത്തിയിരിക്കുന്നത്.
പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പ്രാദേശിക മാധ്യമമായ ‘അറീ ന്യൂസിന്’ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്കയും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടിക്ക് ഒരുങ്ങിയത്.
കശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും ഇടയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള രാജ്യത്തിന്റെ നിലപാടിനോടാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പിന്തുണ അറിയിച്ചത്. ഇതുസംബന്ധിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി മാര്‍ക് എസ്പര്‍ ഫോണ്‍ വഴി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യ പാക് പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. ഇതില്‍ ആരുടേയും മധ്യസ്ഥതയുടെ ആവശ്യം ഇല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇനി പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമേ ചര്‍ച്ച നടക്കൂ എന്നും ജമ്മു കശ്മീര്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനവും പോലെതന്നെയാണെന്നുമാണ് രാജ്‌നാഥ് സിങ് നേരത്തേ അറിയിച്ചത്.
അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംഭാഷണത്തിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിളിച്ച ട്രംപ് കടുത്ത പ്രസ്താവനകള്‍ നിയന്ത്രിക്കണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കശ്മീര്‍ പ്രശ്‌നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും ഇതിനിടയില്‍ മൂന്നാമതൊരാള്‍ വേണ്ടെന്നും ഇന്ത്യ കര്‍ശ്ശന നിലപാട് അറിയിക്കുകയായിരുന്നു.
















