തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ചെടുത്ത തുക കെ.എസ്.ഇ.ബി. വകമാറ്റി. പിരിച്ചെടുത്ത പ്രളയ ദുരിതാശ്വാസ ഫണ്ട് കെഎസ്ഇബി സര്‍ക്കാരിന് കൈമാറിയില്ല. സാലറി ചലഞ്ചിന്റെ ഭാഗമായി പിരിച്ച 136 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത്. കൈമാറിയത് 10 കോടി മാത്രമാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ഫണ്ട് സര്‍ക്കാരിന് നല്‍കാത്തതെന്ന് കെഎസ്ഇബി തുറന്നു സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിന്റെ അടിസ്ഥാനത്തിലാണ് സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമഹാരിക്കാന്‍ തീരുമാനിച്ചത്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ പത്ത് മാസം കൊണ്ട് തുക പിരിക്കാനായിരുന്നു തീരുമാനം. ഈ രീതിയില്‍ കെഎസ്ഇബി ജീവനക്കാരില്‍ നിന്നും ജൂലൈ വരെ 136 കോടി രൂപ പിരിച്ചെടുത്തു. എന്നാല്‍ ഇതില്‍ 10.23 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഓരോ മാസവും പിരിച്ചെടുക്കുന്ന തുക അതാത് മാസം തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിയമം. പണം സംഭരിച്ച് വച്ചതോടെ ഈ നിയമം കെഎസ്ഇബി ലംഘിച്ചുവെന്നാണ് ആരോപണം. എന്നാല്‍ പത്ത് മാസം കൊണ്ടുപിരിച്ചെടുക്കുന്ന തുക ഒരുമിച്ച് നല്‍കാനാണ് തീരുമാനിച്ചതെന്നും അതുകൊണ്ടാണ് മാസം തോറും തുക നല്‍കാതിരുന്നതെന്നുമാണ് കെ.എസ്.ഇ.ബി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ്പിള്ള പറയുന്നത്.
















