നാലുനാള്മുന്നേ കോഴിക്കോട് ‘ജന്മഭൂമി’യില്‍ നിന്നു കെ. മോഹന്‍ദാസ് വിളിച്ചത് ഒരു പഴയ സഹപ്രവര്‍ത്തകന്റെ നിര്യാണ വാര്‍ത്ത അറിയിക്കാനായിരുന്നു. അരനൂറ്റാണ്ടിനപ്പുറം കൊയിലാണ്ടിയിലെ ജനസംഘത്തിന്റെ മണ്ഡലം സെക്രട്ടറിയായിരുന്ന കുഞ്ഞിക്കണാരന്‍, അതറിയിച്ച ആള് എന്നെ ധരിപ്പിക്കണമെന്നാവശ്യപ്പെട്ടുവത്രേ. അടിയന്തരാവസ്ഥയ്ക്കുശേഷം ‘ജന്മഭൂമി’യുടെ പുനഃപ്രസിദ്ധീകരണം സംബന്ധിച്ച ഭാരിച്ച ചുമതലകളുമായി എറണാകുളത്തെത്തിയ കാലത്ത് വര്‍ഷങ്ങളോളം മറ്റൊരു കാര്യത്തിലും ഏര്‍പ്പെടാന്‍ കഴിയാത്തത്ര കാര്യവ്യഗ്രതയിലായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട് 1967-ല്‍ കോഴിക്കോടെത്തിയശേഷം, ആ ഭാഗത്തെ പ്രധാന പ്രവര്‍ത്തകരെ പരിചയപ്പെടുത്താന്‍ കെ. രാമന് പിള്ളയാണ് ഓരോയിടത്തും കൊണ്ടുപോയത്. അതിനിടെ കൊയിലാണ്ടിയിലും പോയിരുന്നു. അവിടുത്തെ പ്രമുഖരെ, പഞ്ചായത്തു വക സത്രമെന്നോ, ചൗള്ട്രിയെന്നോ വിളിക്കാവുന്ന ഒരു കെട്ടിടത്തില്‍ വിളിച്ചുകൂട്ടി പരിചയപ്പെട്ടു. അവരില്‍ പലരും നേരത്തെ അറിയുന്നവരായിരുന്നു. കൊയിലാണ്ടിയിലെ ജനസംഘത്തിന്റെ മുഖ്യര്‍ എ.കെ. ശങ്കരമേനോനും കുഞ്ഞിക്കണാരനുമാണെന്നു മനസ്സിലായി. പറഞ്ഞുവന്നപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അവര്‍ പുതുക്കക്കാരായിരുന്നില്ല.
അതിനും എട്ടൊന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരകനായി ചെന്നയിടയ്ക്ക് ഒരു ദിവസം അവിടെ തളാപ്പിലെ ‘രാഷ്ട്രമന്ദിര’മെന്ന കാര്യാലയത്തില്‍, ജില്ലാ പ്രചാരക് വി.പി. ജനാര്ദ്ദനനുമൊരുമിച്ച്, വിവിധ വിഷയങ്ങളില്‍ കണ്ണൂരിന്റെയും, മലബാറിന്റെയും വിശേഷവിധികള്‍ സംസാരിച്ചുകൊണ്ടിരിക്കവേ രണ്ടുമൂന്നു പേര് കയറിവന്നു. പറശ്ശിനി മടപ്പുരയില്‍ പോയി മടങ്ങുംവഴിക്കു കണ്ണൂര്‍ കാര്യാലയം കാണാന്‍ ഇറങ്ങിയതായിരുന്നു അവര്‍. ജനേട്ടന് അവരെ പരിചയപ്പെടുത്തി. എ.കെ. ശങ്കരമേനോനും കുഞ്ഞിക്കണാരനും. ശങ്കരമേനോന്റെ പേര് ആയിടെ പത്രങ്ങളില്‍ വരാറുണ്ടായിരുന്നു. അന്ന് ഇഎംഎസിന്റെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭ വാഴുംകാലമായിരുന്നു. ആ ഭരണത്തിനെതിരായി വിശേഷിച്ചും കൊയിലാണ്ടിക്കാരന് പോലീസ് മന്ത്രി വി.ആര്. കൃഷ്ണയ്യര്‍ക്കെതിരായ മനോഭാവം വളര്‍ന്നുവന്ന കാലമാണ്. തലശ്ശേരിയുടെ പ്രതിനിധിയായിരുന്ന കൃഷ്ണയ്യര്‍ അങ്ങോട്ടു പോകുംവഴി തന്റെ പിതാവ് രാമയ്യരെ കാണാന്‍ കൊയിലാണ്ടിയില്‍ കുറച്ചുസമയം തങ്ങി. ശങ്കരമേനോന്റെ നേതൃത്വത്തില്‍ ഏതാനും ജനസംഘ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞത് അല്‍പ്പം ക്രമസമാധാന പ്രശ്നമുണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് മേനോനെ പ്രത്യേകം ശ്രദ്ധിച്ചത്. കുഞ്ഞിക്കണാരന്‍ എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. സി.എച്ച്. കണാരന് എന്ന കമ്യൂണിസ്റ്റ് നേതാവിനെ നേരത്തെ കേട്ടിട്ടുണ്ട്. പരിചയപ്പെടാനും പിന്നീടവസരമുണ്ടായി. രണ്ടുപേരും, ശങ്കരമേനോനും കുഞ്ഞിക്കണാരനും പില്ക്കാലത്ത് അടുത്ത സഹപ്രവര്ത്തകരാകുമെന്ന് അന്നു വിചാരിച്ചില്ല. 1953-ല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം കശ്മീര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത ശങ്കരമേനോന്റെ കാര്യം ഈ പംക്തികളില്‍ മുന്‍പ് പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ട്.
കൊയിലാണ്ടിയില്‍ ജനസംഘ പ്രവര്‍ത്തനമുണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകാന്‍ കുഞ്ഞിക്കണാരന്‍ മുന്‍കയ്യെടുത്തിരുന്നു. എന്നാല്‍ സ്വന്തം താമസ സ്ഥലത്തു കൊണ്ടുപോകാന്‍ തയ്യാറായില്ല എന്നതു പ്രത്യേകതയായി തോന്നി. കേരള ചരിത്രത്തിലെ പ്രാചീന സാംസ്കൃതി കേന്ദ്രങ്ങളില്‍ കൊയിലാണ്ടിക്ക് പ്രധാന സ്ഥാനമുണ്ടല്ലോ. പന്തലായിനി കൊല്ലം പ്രാചീനകാലത്തെ നാലുകൊല്ലങ്ങളില്‍ ഒന്നാണെന്നും, അവിടെ ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുള്ള ഒരു ഖബര്‍ ഉണ്ടെന്നും കുഞ്ഞിക്കണാരന്‍ പറഞ്ഞു. കൊല്ലം പിഷാരികാവിലും കൊണ്ടുപോയി. തെക്കന്‍ കൊല്ലത്തുനിന്നും പണ്ടെങ്ങോ വന്ന വ്യാപാരികള്‍, അവിടുത്തുകാരുടെ സത്യസന്ധതയില്‍ തൃപ്തരായി തങ്ങളുടെ ഭരദേവതയെ അവിടെ പ്രതിഷ്ഠിച്ച് അവിടുത്തുകാരായതാണെന്ന ഐതിഹ്യം പറഞ്ഞുതന്നു. ചരിത്രഗ്രന്ഥങ്ങള്‍ വായിച്ചു കിട്ടുന്നതിനേക്കാള്‍ രസകരമായ വിവരങ്ങളാണ് കുഞ്ഞിക്കണാരനുമായുള്ള സംസാരത്തില്‍നിന്ന് ലഭിച്ചതെന്നും പറയാം.
കോഴിക്കോട് അഖിലഭാരത സമ്മേളനം നടത്താന്‍ തീരുമാനിക്കുന്നതിനുമുന്പ് നടത്തപ്പെട്ട ഗൃഹസമ്പര്‍ക്കത്തില്‍ കൊയിലാണ്ടി മുന്നിലായിരുന്നു. നഗരമൊഴിച്ചു നോക്കിയാല്‍ കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച മണ്ഡലം കൊയിലാണ്ടി ആയിരുന്നുവെന്ന് ഓര്‍ക്കുന്നു. നീണ്ടുകിടക്കുന്ന കടപ്പുറത്തെ സംഘത്തിന്റെ സ്വാധീനം അതിലെ മുഖ്യഘടകമായിരുന്നു. വിവേകാനന്ദ സ്മാരക നിര്‍മാണത്തിന് കന്യാകുമാരിയില്‍ ഉണ്ടായ തടസ്സം നീക്കാന്‍ പോയ മത്സ്യപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും കൊയിലാണ്ടി മണ്ഡലത്തിലെ കടപ്പുറക്കാരായിരുന്നുവല്ലോ.
1969-ല്‍ ജനസംഘത്തിന്റെ കോഴിക്കോട്ട് ജില്ലാ സമ്മേളനം നടത്താനുള്ള ആലോചന വന്നപ്പോള്‍, അതേറ്റെടുക്കാന്‍ കൊയിലാണ്ടിക്കാര്‍ മുന്നോട്ടു വന്നു. അതിന് സ്വാഗത സംഘാധ്യക്ഷനാകാന് കൊയാരി കേളപ്പന് എന്ന തെങ്ങുകൃഷിക്കാരനെ കണ്ടെത്തി. അദ്ദേഹത്തെ ആ വിവരം ധരിപ്പിക്കാന്‍ കുഞ്ഞിക്കണാരനും മേനോനും കൂടി പരമേശ്വര്‍ജിയെ വീട്ടില്‍ കൊണ്ടുപോയി. തെങ്ങിനെ സംബന്ധിച്ച എന്തും കൊയാരി കേളപ്പന് ‘കരതലാമലക’മായിരുന്നു. അവിടെ ആയിരക്കണക്കിന് നാളികേരം പാകി മുളപ്പിച്ച്, ഓരാണ്ടന്‍, ഈരാണ്ടന് എന്നിങ്ങനെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു.
സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളും പ്രചാരണവും മറ്റും വളരെ കാര്യക്ഷമമായാണ് അവര്‍ ചെയ്തുവന്നത്. ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദര്‍ സിങ് ഭണ്ഡാരിയാണ് മുഖ്യാഥിതിയായി എത്തുമെന്നറിയിച്ചത്. പ്രതിനിധി സമ്മേളനം, അവരുടെ താമസം, നേതാക്കളുടെ താമസം, ഭക്ഷണം മുതലായവയ്ക്കു പറ്റിയ സ്ഥലങ്ങളും ചുമതലക്കാരെയും നിര്‍ണയിക്കുന്നതിലും കുഞ്ഞിക്കണാരന്റെ പ്രത്യുല്‍പ്പന്നമതിത്വം ശ്രദ്ധേയമായിരുന്നു.
കൊയിലാണ്ടിയിലെ പ്രവര്‍ത്തകരെ മുഴുവന്‍ അണിനിരത്തി, സ്കൂള്‍ മൈതാനം സജ്ജീകരിച്ച്, കൊടിതോരണങ്ങളും അധ്യക്ഷവേദിയും ഒരുക്കുന്നതിനും പ്രകടനം പോകുന്നവഴികള്‍ തോരണം തൂക്കിയും കൊടികളുയര്‍ത്തിയും അലങ്കരിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു.
സമ്മേളനത്തിന്റെ അന്ന് രാവിലെ രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന് പെട്ടെന്ന് അന്തരിച്ച വിവരം റേഡിയോയിലൂടെ അറിഞ്ഞു. ഇന്നത്തേതുപോലെയുള്ള വാര്‍ത്താവിനിമയ സൗകര്യങ്ങളില്ലായിരുന്നു. പ്രതിനിധി സമ്മേളനത്തിനിടെ ഭണ്ഡാരജിയെ വിവരമറിയിച്ചു. പ്രകടനം വേണ്ടെന്നു വയ്ക്കാനും പൊതുയോഗം ശ്രദ്ധാഞ്ജലി യോഗമാക്കി മാറ്റാനും ഭണ്ഡാരിജി നിര്‍ദ്ദേശിച്ചു. രാഷ്ട്രപതിയുടെ നിര്യാണ വാര്‍ത്ത ജീപ്പില്‍ ഉച്ചഭാഷിണിയിലൂടെ ഘോഷയാത്രാ മാര്‍ഗത്തില്‍ അറിയിച്ചു.
പരമേശ്വര്‍ജിയും ഭരതേട്ടനും മറ്റനേകം നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അന്നാണ് കുഞ്ഞിക്കണാരനെയും കൊയിലാണ്ടിയിലെ മറ്റ് പ്രവര്‍ത്തകരെയും ഏറ്റവും നിരാശരായിക്കണ്ടത്. ശങ്കരമേനോന് എന്തു കാര്യത്തിനും മുന്‍പിന്‍ നോക്കാതെ ഇറങ്ങിപ്പുറപ്പെടുമായിരുന്നു. അതേസമയം കുഞ്ഞിക്കണാരന്‍ ചിന്തിച്ചു കാര്യങ്ങള്‍ ചെയ്തുവന്നു.
മുന്‍പ് പ്രസ്താവിച്ചതുപോലെ അടിയന്തരാവസ്ഥയ്ക്കുശേഷം അദ്ദേഹത്തെ കാണാനും പഴയ മാതിരി ഇടപഴകാനും അവസരമുണ്ടായില്ല. പരിഷ്കൃതവും സൗമ്യവും ആഢ്യവുമായ വാക്കുകളിലല്ല, നാടന്‍ ശൈലിയിലുള്ള കേള്‍ക്കാന്‍ സുഖവും കൗതുകവും തോന്നുന്ന വാക്കുകളിലാണ് കാര്യങ്ങള്‍ വിശദമാക്കുക. വളച്ചുകെട്ടും അവ്യക്തതയും ഉണ്ടാവില്ല. ഇടയ്ക്കു ചില ഇംഗ്ലീഷ് വാക്കുകളും പ്രയോഗിച്ചുകളയും. സന്ദര്‍ഭംകൊണ്ട് നാം അര്‍ത്ഥം മനസ്സിലാക്കണമെന്നേയുള്ളൂ.
അടിയന്തരാവസ്ഥയ്ക്കു മുന്‍പ് ആ വഴി ബസ്സിലോ മറ്റു വാഹനങ്ങളിലോ കടന്നുപോകുമ്പോള്‍, കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലെ സദാ സാന്നിദ്ധ്യമായിരുന്നു കുഞ്ഞിക്കണാരന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: