ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രജൗറി സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തായാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഡെഹ്‌റാഡൂണ്‍ സ്വദേശിയായ ലാന്‍സ് നായിക് സന്ദീപ് ഥാപ (35) ആണ് മരിച്ചത്.
തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലയാണ് പാക് സൈന്യം വീണ്ടും നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്തത്. പുലര്‍ച്ചെ ആറരയോടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതിനിടെ കഴിഞ്ഞ 13 ദിവസങ്ങളായി ജമ്മു കശ്മീരില്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ജമ്മുവിലെ ചില ജില്ലകളില്‍ മൊബൈല്‍ സേവനം പുനരാരംഭിച്ചപ്പോള്‍ കാശ്മീര്‍ താഴ് വരയിലെ ചില പ്രദേശങ്ങളില്‍ ടെലിഫോണ്‍ ബന്ധവും ആരംഭിച്ചു.
വടക്കന്‍ കശ്മീരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. 17 ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്ക് താഴെയുള്ള ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ താഴ്വരയില്‍ പുനസ്ഥാപിച്ചുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ പറഞ്ഞു. ജമ്മുവിലെ അഞ്ച് ജില്ലകളില്‍ 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്.
















