മണ്ണാര്‍ക്കാട്: ജനവാസ മേഖലയായ ആനമൂളി-മെഴുകുംപാറ മലവാരത്തില്‍ മല വിണ്ടുകീറി പിളര്‍ന്ന നിലയില്‍. ഇതോടെ പ്രദേശത്തെ ആനമൂളി വനവാസി കോളനിക്കാര്‍ ഉള്‍പ്പെടെ നൂറോളം കുടുംബങ്ങള്‍ ഭീതിയില്‍. വെള്ളിയാഴ്ച വിറകുശേഖരിക്കാന്‍പോയ ആനമൂളി കോളനിയിലെ വനവാസികളാണ് ആനമൂളി-മെഴകുംപാറ മലനിരയിലെ ഭൂമി പിളര്‍ന്ന് വിണ്ടുകീറിയത് കണ്ടത്.
മണ്ണാര്‍ക്കാട് വനംഡിവിഷനിലെ ആനമൂളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട ആനമൂളി-മെഴുകുംപാറ മലയിലെ രണ്ടേക്കറോളം സ്ഥലത്താണ് വിള്ളലുണ്ടായിരിക്കുന്നത്. അരമീറ്റര്‍വീതിയിലാണ് കിലോമീറ്ററുകളോളം മല പിളര്‍ന്നത്. വന്‍ മരങ്ങളും കടപുഴകി വീണിട്ടുണ്ട്. കൂറ്റന്‍പാറകളിലും വിള്ളലുകളുണ്ടാവുകയും ചിലതിനെല്ലാം സ്ഥാനഭ്രംശം സംഭവിച്ചിട്ടുമുണ്ട്.
ഭൂചലനമുണ്ടായതുപോലെ ചെങ്കുത്തായ മലനിരയില്‍ വിള്ളലുണ്ടായ ഭാഗത്ത് ഒന്നരയടിയോളം ഭൂമി താഴ്ന്നിട്ടുണ്ട്. സ്ഥാനംതെറ്റി കടപുഴകിയ വന്‍മരങ്ങളും പാറക്കെട്ടുകളും വന്‍തോതില്‍ ചിതറിക്കിടപ്പുണ്ട്. താഴ്ഭാഗത്തുനിന്ന് മുകള്‍വശത്തേക്കാണ് മലനിരയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
















