മലപ്പുറം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പുറമേ നിലമ്പൂരിന് വേണ്ടിയും പ്രത്യേകം പണപ്പിരിവ് നടത്തി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ എംഎല്‍എ. റീ ബില്‍ഡ് നിലമ്പൂര്‍ എന്ന പേരിലാണ് എംഎല്‍എയുടെ പുതിയ പണപ്പിരിവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്കുള്ള ഫണ്ട് വരവിനെ സ്വാധീനിക്കുന്ന വിധത്തിലാണ് പാര്‍ട്ടി എംഎല്‍എയുടെ തന്നെ ഈ നടപടി.
ഇതിനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നുണ്ട്. ജനങ്ങളുടെ സംഭാവനകള്‍ അതിലേക്ക് നല്‍കണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മുന്നില്‍ നിലമ്പൂരിന്റെ പുനര്‍ നിര്‍മാണമേ ഉള്ളൂവെന്നും കല്ലെറിയുന്നവര്‍ക്ക് കല്ലെറിയാമെന്നുമാണ് എംഎല്‍എ പ്രഖ്യാപിച്ചിരിക്കുന്നത്.
ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് വരവിനെ എതിരാളികള്‍ തടയുന്നതായി സമൂഹ മാധ്യമങ്ങളിലുടെ സിപിഎം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് പാര്‍ട്ടി എംഎല്‍എ തന്നെ ഇരുട്ടടി നല്‍കിയിരിക്കുന്നത്. സിപിഎം സഹയാത്രികനും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അന്‍വര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തഴഞ്ഞത് സിപിഎം അണികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തുമ്പോള്‍ ഇത്രയും സുതാര്യവും ജനങ്ങള്‍ക്ക് സഹായകരവുമായ മറ്റൊരു ഫണ്ടില്ലെന്നായിരുന്നു സിപിഎമ്മുകാരുടെ അവകാശ വാദം. സമൂഹ മാധ്യമങ്ങളില്‍ എംഎല്‍എയുടെ ഫണ്ട് ശേഖരണത്തെ ചൂണ്ടിക്കാണിച്ച് സിപിഎമ്മിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം സംസ്ഥാനം ഇത്രയും ദുരന്തങ്ങള്‍ നേരിടുമ്പോള്‍ സര്‍ക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇതിനെ പണപ്പിരിവ് നടത്താനുള്ള മാര്‍ഗ്ഗമായി മാറ്റിയെടുക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
















