ന്യൂദല്‍ഹി: കള്ളവോട്ട് തടയുന്നതിനും തെരെഞ്ഞെുപ്പുകള്‍ ജനാധിപത്യപരമാക്കാനും ആധാറും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇതിനായി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിന് കത്തെഴുതി. 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേതഗതി വരുത്തണമെന്നാണ് കമ്മീഷന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കള്ളവോട്ട് തടയുന്നതിനും ഇരട്ട വോട്ട് തടയുന്നതിനും തിരിച്ചറിയല്‍ രേഖയെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഗുണകരമാകുമെന്ന് കമ്മീഷന്‍ കത്തില്‍ പറയുന്നു. നിലവില്‍ രാജ്യത്തെ 32 കോടിയോളം ജനങ്ങള്‍ തെരഞ്ഞെടുപ്പ് രേഖയെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
2015 ല്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനായി ആധാര്‍ തിരിച്ചറിയല്‍ രേഖയുമായി ബന്ധിപ്പിക്കാന്‍ കമ്മീഷന്‍ പദ്ധതി കൊണ്ടുവന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ സുതാര്യതയ്‌ക്കല്ലാതെ മറ്റ്കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതി അന്ന് ഉത്തരവിട്ടത്. പിന്നീട് 2016 ല്‍ എ.കെ ജ്യോതി തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതയേറ്റതിന് ശേഷമാണ് തിരിച്ചറിയല്‍ രേഖയും ആധാറുമായി ബന്ധിപ്പിക്കണമെന്ന ചര്‍ച്ച ശക്തമായത്.
















