സൂത്രം അസന്തതേശ്ചാവ്യതികര:
സര്വവ്യാപിത്വമില്ലാത്തതിനാല് വ്യതികരവുമുണ്ടാകില്ല. കാരണ ശരീരാവരണമുള്ളതിനാല് ജീവന് സര്‍വ്വവ്യാപിത്വം ഉണ്ടാകില്ല.തന്മൂലം ജീവന്മാര്ക്കോ ജീവന്റെ കര്‍മ്മങ്ങള്‍ക്കോ കൂടിക്കലരലുകള്‍ ഉണ്ടാകില്ല.
എല്ലാവരുടേയും അന്തരാത്മാവ് ഒന്ന് തന്നെയാണെങ്കില്‍ ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും എല്ലാവര്ക്കും ബാധകമാകില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ സൂത്രം. ആത്മാവ് സര്‍വവ്യാപിയാണെങ്കിലും ദേഹം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയവയോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അത് പരിച്ഛിന്നനോ പരിമിതനോ ആയിത്തീരുന്നു. ഇങ്ങനെ ഉപാധികളോട് ചേര്‍ന്നിരിക്കുന്ന ജീവന് സര്വവ്യാപിത്വമില്ല. ഓരോ ജീവന്മാരും ഓരോ പ്രത്യേക വ്യക്തികളാകുന്നു. ഒരു ജീവന്റെ കര്മ്മത്തിനോ കര്‍മ്മ ഫലത്തിനോ മറ്റൊരു ജീവന് സംബന്ധമില്ല. കാരണശരീര ഉപാധിത്വം മൂലം എല്ലാ ജീവന്മാരും പ്രളയകാലത്ത് ഒന്നായിച്ചേരുന്നുവെങ്കിലും അവരുടെ ജീവത്വത്തിനോ കര്‍മ്മങ്ങള്‍ക്കോ കൂടി ചേര്‍ച്ച ഉണ്ടാകുന്നില്ല. അതിനാല്‍ സൃഷ്ടി സമയത്ത് ഓരോ ജീവനും അവരവരുടെ കര്മ്മാനുസാരേണ വേറെ വേറെ യോനികളില്‍ ജനിക്കേണ്ടി വരും.ജീവത്വമുള്ള കാലത്തോളം എങ്ങും നിറഞ്ഞിരിക്കാനാവില്ല. ഓരോ ജീവനും തമ്മില്‍ വ്യത്യാസവും ഉണ്ടാകും.
സൂത്രം ആഭാസ: ഏവ ച
എന്ന് മാത്രമല്ല, ജീവന് പരമാത്മാവിന്റെ ആഭാസം മാത്രമാണ്. മറ്റ് നിര്‍വചനങ്ങള്‍ ആഭാസം മാത്രമാണ്.
ഒരു ജീവന്റെ സുഖദു:ഖങ്ങള്‍ മറ്റൊരു ജീവനെ ബാധിക്കാതിരിക്കാന്‍ ഒരു കാരണം കൂടി പറയുന്നു. വാസ്തവത്തില്‍ ജീവന് പരമാത്മാവോ പരമാത്മാവിന്റെ അംശമോ അല്ല. ഓരോരരുത്തരുടേയും അന്ത: കരണത്തില്‍ അവിദ്യകൊണ്ടുണ്ടാകുന്ന പരമാത്മാവിന്റെ പ്രതിഫലനമാണ്.
പല കണ്ണാടികളിലിമുള്ള പ്രതിബിംബങ്ങള്‍ വേറെ വേറെയായിരിക്കുന്നതു പോലെ ഓരോ ഹൃദയത്തിലുമുള്ള ജീവന്മാര് വേറെ വേറെയായിരിക്കും. കുറെ കുടങ്ങളില്‍ വെള്ളം വെച്ചാല്‍ ഒരോന്നിലും ഓരോ സൂര്യപ്രതിബിംബം കാണാം. ഏതെങ്കിലും ഒരു കുടത്തിലെ വെള്ളം ഇളക്കിയാല്‍ ആ കുടത്തിലെ സൂര്യന് മാത്രമേ ഇളക്കമുണ്ടാക.ൂ. മറ്റ് കുടങ്ങളിലെ സൂര്യന്മാരെ അത് ബാധിക്കുകയില്ല.
അതു പോലെ ഒരു ശരീരത്തിലുള്ള ജീവന്റെ സുഖദു:ഖങ്ങള്‍ ആ ശരീരത്തിലുള്ള ജീവനെ മാത്രമേ ബാധിക്കുകയുള്ളൂ. ഒരേയൊരു സൂര്യന് പലയിടത്ത് പലതായി പ്രതിബിംബിക്കുന്നത് പോലെ ആത്മാവ് ഒന്ന് മാത്രമെങ്കിലും ജീവന്മാര് വേറെ വേറെയാണ്. ബിംബവും പ്രതിബിംബവും ഒന്ന് തന്നെയെന്ന് പറയും പോലെയാണ് ഈശ്വരനും ജീവനും ഒന്ന് തന്നെയെന്ന് പറയുന്നത്.
പ്രതിഫലനത്തിന് കാരണമായ അന്ത: കരണത്തിലെ അവിദ്യ നീങ്ങുമ്പോള്‍ അഥവാ വിദ്യയാല്‍ അന്ത: കരണം തന്നെ ഇല്ലാതാകുമ്പോള്‍ ജീവനും ഇല്ലാതാകും. പ്രതിബിംബം ബിംബത്തില്‍ ലയിക്കുന്നതു പോലെ ജീവന് ഈശ്വരനില്‍ ലയിക്കുന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: