കാലം മുന്നേറവെ വിദേശ ആക്രമണത്തിന്റെ മുന വര്‍ദ്ധിച്ചു. ആയുധവും മതവും സംസ്കാരവും ലക്ഷ്യങ്ങളായി. യൂറോപ്യന്റെ അസഹിഷ്ണുതയും ആര്‍ത്തിയും പുതിയ യുദ്ധമുഖങ്ങള്‍ തുറന്നു. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാന്‍, കുത്തിക്കവരാന്‍, ശേഷം നശിപ്പിക്കാന്‍ കുടില ബുദ്ധികള്‍ പണിയെടുത്തു. ഒന്നായിരുന്നതിനെ പലതാക്കുക. നല്ലതായതിനെ നികൃഷ്ടം എന്നു പഠിപ്പിക്കുക. ശരിയായതിനെ വികലമാക്കുക. ആത്യന്തികമായി സത്യത്തെ ശീര്ഷാസനത്തില് നിര്‍ത്തുക. ഈ വിഷവിത്തുകളെല്ലാം പാകമായി വളരാന്‍ വിതച്ചത് പക്ഷെ പുറത്തല്ല, മനുഷ്യമനസ്സിലായിരുന്നു. അത് കുറെപ്പേരില്‍ വളര്‍ന്നു. വികലത വിഭജനമായി പരിണമിച്ചു. വിഷം വിളഞ്ഞോ എന്നറിയാന്‍ 1905 ല്‍ ബംഗാള്‍ വിഭജിച്ചു.ഭാരതീയര്‍ ഒന്നല്ല, പലതാണ്. പ്രധാനമായും ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരങ്ങളല്ല. അവര്‍ വെവ്വേറെ കഴിയേണ്ടവര്‍. അതായിരുന്നു ബംഗാള്‍ വിഭജനത്തിന്റെ അടിയാധാരം.
പക്ഷെ ബംഗാളില്‍ മാത്രമല്ല, ഭാരതമെമ്പാടും മതം മാറ്റി വച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. എമ്പാടും വിഭജന വിരുദ്ധ പ്രക്ഷോഭം. ബംഗാളിലെ മുറിവ് ഇങ്ങ് മലയാളത്തിലും നീറ്റലുണ്ടാക്കി. വിഷവൃക്ഷം വേണ്ടത്ര ഫലം സൃഷ്ടിച്ചിരുന്നില്ല. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ നദീതീരത്ത് അണി ചേര്‍ന്നു. സ്നാനം നടത്തി, പരസ്പരം രാഖി ബന്ധിച്ചു. സഹോദരി സഹോദരന്റെ കയ്യിലല്ല; സഹോദരന് സഹോദരന്, മുസല്മാന് ഹിന്ദുവിന്, സ്ത്രീ പുരുഷന്. നാമെല്ലാം ഒരമ്മ പറ്റ മക്കള്‍. എല്ലാ ഭാരതീയരും സഹോദരങ്ങള്‍. മതവും ജാതിയും ഗോത്രവും ഒന്നും നമ്മെ വേര്‍പെടുത്തുന്നില്ല. വിഭജനം റദ്ദുചെയ്യുന്നിടം വരെ നാം അടങ്ങിയിരിക്കില്ല. മുഴുവന്‍ ഭാരതവും പ്രതിജ്ഞ ചെയ്തു. അങ്ങനെ രാഖീ ബന്ധനം ദേശീയ ഐക്യത്തിന്റെ ദൃഢബന്ധനമായി മാറി. ബംഗാള്‍ വിഭജനം കടല്‍ക്കൊള്ളക്കാരായ ബ്രിട്ടീഷുകാര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു.
പാകമാകാത്ത വിഷത്തെ വര്‍ദ്ധിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ പുതിയ അസുരനായി മുസ്ലീം ലീഗിനെ സൃഷ്ടിച്ചു. കൈവിട്ടു പോയതെന്നു കരുതിയ കോണ്‍ഗ്രസിന് കൈവിഷം കൊടുത്ത് തങ്ങളുടെ ഇച്ഛ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചു. പരിണത ഫലം, 1947 ല്‍ ഖണ്ഡിത ഭാരതം.
സ്വാതന്ത്യാനന്തരം മുസ്ലീം ലീഗും കോണ്‍ഗ്രസ്സും ദേശീയതയുടെ എക്കാലത്തെയും ശത്രുക്കളായ കമ്മ്യൂണിസ്റ്റുകളും സ്വാതന്ത്ര്യത്തിന്റെ മറയില്‍ ബ്രിട്ടീഷുകാരുടെ ദൗത്യം ഏറ്റെടുത്തു. രാഷ്ട്രമായിരുന്നില്ല പ്രധാനം; രാഷട്രീയവും അധികാരവുമായിരുന്നു. അവര്‍ അനേകം വിഭജന വിത്തുകള്‍ വിതറി. അതിലൊന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി, 370) വകുപ്പ്. സ്വാതന്ത്ര്യാനന്തരം കാശ്മീര്‍ രാജാവ് ഹരിസിംഗോ, അവിടുത്തെ ജനങ്ങളോ ആവശ്യപ്പെട്ട കാര്യമല്ലായിരുന്നു അത്. ലയനക്കരാറിന്റെ ഭാഗവുമായിരുന്നില്ല. എന്നിട്ടും അങ്ങനെയൊരു ഏച്ചുകെട്ടല്‍ ചിലരുടെ കുടുംബതാല്പ്പര്യത്തിന്റെ പേരിലായിരുന്നു.
അത്തരം അനേകം വിഷ ബീജങ്ങള്‍ സ്വതന്ത്ര ഭാരത മനസ്സില്‍ വിക്ഷേപിച്ചു. വിദ്യാലയങ്ങളില്‍, കലാലയങ്ങളില്‍, സര്‍വ്വകലാശാലകളില്‍, അക്കാദമികളില്‍ എല്ലാം ഒന്നിനു പകരം അനേകം വേറിടല്‍ വാദങ്ങള്‍ നിറഞ്ഞു. ദേശീയത കൊള്ളരുതാത്തതായി. രാജ്യസ്നേഹം പിന്തിരിപ്പനായി. സാഹോദര്യം അപരിഷ്കൃതമായി. 1947 ന് മുമ്പ് രണ്ടു ദേശീയ വിരുദ്ധ ശത്രുക്കളെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും അനേകം വിഘടന ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. അഖണ്ഡതയെ ആഭാസമെന്നു പ്രചരിപ്പിക്കുന്നു. ഭാരത മാതൃശരീരം മുഴുവന്‍ ഈ വിഷാണു ക്കളെക്കൊണ്ടു നിറയുന്നു. ദേശീയ ഐക്യം അതികഠിനമായ ലക്ഷ്യമായി പരിണമിക്കുന്നു.
ഇതില്‍ നിന്നു നാടിനെ കരകയറ്റാന്‍ ദേശസ്നേഹികള്‍ ഒന്നടങ്കം അണിചേരണം. സ്വാതന്ത്ര്യ സമര കാലത്തേക്കഴിഞ്ഞും അധ്വാനിക്കേണ്ടതായാണ് വന്നിരിക്കുന്നത്. അന്ന് ശത്രു പുറത്തായിരുന്നു. നേര്‍ക്കുനേരെ യുദ്ധം ചെയ്താല്‍ മതിയായിരുന്നു. ഇന്ന് രാഷ്ട്ര വിരുദ്ധ ശക്തികള്‍ ഉള്ളിലാണ്. പോരാ അടുക്കളയിലാണ്. അര്‍ബന്‍ നക്സലുകളുടെയും സാംസ്കാരിക നായകരുടെയും പുരോഗമനക്കാരുടെയും അടുക്കളയില്‍ വേവുന്നത് ദേശീയ വിരുദ്ധതയാണ്. രാഷ്ട്രത്തിന്റെ അസ്തിത്വത്തെ തകര്‍ത്തുകളയുന്ന പാകപ്പുരകളാക്കി കലാശാലകളെയും അക്കാദമികളെയും അധഃപതിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍, അഖണ്ഡത നിലനിര്‍ത്താന്‍ ഓരോ ഭാരതീയനിലും ദിവ്യമായ വികാരം ഉണര്‍ത്തേണ്ടിയിരിക്കുന്നു. ഭവ്യമായ ഭാവന സൃഷ്ടിക്കേണ്ടിയിരിക്കുന്നു. രക്ഷാബന്ധന് അതിനുള്ള അവസരമാണ്. നാം ഓരോരുത്തരും പരസ്പരം നല്കുന്ന ഉറപ്പാകണം ഭാരതത്തിന്റെ ഐക്യം. ആ വിശ്വാസദാര്‍ഢ്യത്തില്‍ നമുക്ക് മുന്നേറാന്‍ കഴിയണം.
ഐക്യം ദൃഢമാകുമ്പോള്‍ ശിഥിലീകരണത്തിന്റെ വിഷ ബീജങ്ങള്‍ അപ്രത്യക്ഷമാകും. അരോഗദൃഢഗാത്രയായ ഭാരതാംബ സര്‍വ്വ ഐശ്വര്യങ്ങളോടെയും പരിലസിക്കും; ലോകത്തിനു വരമരുളിക്കൊണ്ട് . അതായിരിക്കട്ടെ ഈ പൊന്‍ നൂലിന്റെ, രക്ഷാബന്ധന്റെ സന്ദേശം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: