ന്യൂദല്‍ഹി : നക്സല്‍- ഭീകര ബാധിത മേഖലകളിലെ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി വിദഗ്ധ പരിശീലനം ലഭിച്ച കമാന്‍ഡോകളുടെ സേവനം ഏര്‍പ്പെടുത്താന്‍ റെയില്‍വേയുടെ തീരുമാനം. ഏറ്റവും സങ്കീര്‍ണമായ സാഹചര്യങ്ങള്‍ നേരിടുന്ന റെയില്‍ സെക്ടറുകളിലാണ് കമാന്‍ഡോകളെ വിന്യസിക്കുക.
കമാന്‍ഡോസ് ഫോര്‍ റെയില്‍വേ സേഫ്ടി (കോറസ്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ സേന, നക്സല്‍ ബാധിത മേഖലകള്‍, ഭീകര ഭീഷണിയുള്ള ജമ്മു കശ്മീരിലും ത്രിപുര, മണിപ്പുര്‍ തുടങ്ങിയ വടക്കു കിഴക്കന്‍ മേഖലകളിലും പ്രത്യേക സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ റെയില്‍വേ സേനയുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി സുരേഷ് സി. അഗദിയും ചേര്‍ന്ന് അടുത്തുതന്നെ ദല്‍ഹിയില്‍ വെച്ച് നിര്‍വ്വഹിക്കും. അതിനു ശേഷമായിരിക്കും പുതിയ മാറ്റം സംഭവിക്കുകയെന്ന് റെയില്‍വേസ് പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ അറിയിച്ചു.
ആര്‍പിഎഫും റെയില്‍വേ പ്രൊട്ടക്ഷന്‍ സ്പെഷ്യല്‍ ഫോഴ്സ് (ആര്‍പിഎസ്എഫ്) എന്നിവയില്‍ നിന്നുള്ള കമാന്‍ഡോകള്‍ ചേരുന്നതാണ് കോറസ് ഫോഴ്സ്. ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആയിരിക്കും പുതിയ സേനയുടെ മേധാവി.
ഇവര്‍ക്ക് ബുള്ളറ്റ് കവചിത ജാക്കറ്റുകളും ഹെല്‍മറ്റുകളും അത്യാധുനിക ആയുധങ്ങളും നല്‍കും. പ്രത്യേക യൂണിഫോം ആയിരിക്കുമിവര്‍ക്ക്. എന്‍എസ്ജി അക്കാദമിയിലായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. റെയില്‍വേയുടെ സ്വത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയ്‌ക്ക് വേണ്ടിയാണ് 1957ല്‍ ആര്‍പിഎഫ് രൂപീകരിച്ചത്.
















