ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ ഷിബില്‍ മുഹമ്മദിന്റെ ആഹ്ലാദം
കൊല്‍ക്കത്ത: ഗോകുലം കേരള എഫ് സിക്ക് ഡ്യൂറന്റ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ എയര്‍ ഫോഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഈ വിജയത്തോടെ ഗോകുലം ആറു പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുകയാണ്.
ക്യാപ്റ്റന്‍ മാര്‍കസ് ജോസഫിന്റെ ഇരട്ട ഗോളാണ് ഗോകുലത്തിന് വിജയം നേടിക്കൊടുത്തത്. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്കസ് ഹാട്രിക്ക് നേടിയിരുന്നു.
ആദ്യ പകുതിയില്‍ 42-ാം മിനിറ്റില്‍ ഗോകുലത്തിന്റെ ആദ്യ ഗോള്‍ പിറന്നു . ബോക്സിന് പുറത്തു നിന്ന് പന്ത് സ്വീകരിച്ച് മാര്‍കസ് തൊടുത്ത ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു. ഇടവേളയ്‌ക്ക്് ഗോകുലം 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ കുറച്ചു കൂടെ മെച്ചപ്പെട്ട പ്രകടനം നടത്തിയ ഗോകുലം 54- മിനിറ്റില്‍ രണ്ടാം ഗോള്‍ കുറിച്ചു. മുഹമ്മദ് ഷിബിലാണ് ലക്ഷ്യം കണ്ടത്. മാര്‍ക്കസ് ജോസഫിന്റെ ഷോട്ട് എയര്‍ഫോഴ്‌സ് ഗോളി രക്ഷപ്പെടുത്തിയെങ്കിലും പന്ത് നേരെ ഷിബിലിന്റെ കാലുകളിലാണ് എത്തിയത്. മികച്ചൊരു ഷോട്ടിലുടെ ഷിബില്‍ പന്ത് വലയിലാക്കി.
89-ാം മിനിറ്റില്‍ മാര്‍ക്കസ് തന്റെ രണ്ടാം ഗോളിലൂടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആദ്യ മത്സരത്തില്‍ ചെന്നൈയന്‍ എഫ്‌സിക്കെതിരെ ഹാട്രിക്ക് നേടിയ മാര്‍ക്കസിന് ഇതോടെ ടൂര്‍ണമെന്റില്‍ അഞ്ചു ഗോളുകളായി.
ഈ വിജയത്തോടെ ഗോകുലം സെമിക്ക് അടുത്തു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗോകുലം കേരള എഫ് സി 18ന്് ട്രാവു എഫ്‌സിയെ നേരിടും.
















