കവിയൂര്‍: റോഡുവികസനത്തിന് സ്ഥലം സൗജന്യമായി നല്‍കിയ വീട്ടുകാരന്റെ വഴി തടസപ്പെടുത്തി കോണ്‍ട്രാക്ടറും അധികൃതരും. തോട്ടബ്ഭാഗം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള റോഡുവികസനത്തിനു വേണ്ടി സ്ഥലം വിട്ടുകൊടുത്ത ഞാലിക്കണ്ടം ബാങ്കിനു സമീപം താമസിക്കുന്ന ശിരീഷ് കളക്കാട്ടിനാണ് ഈ ദുര്‍ഗതി. ഏകദേശം 37 കോടി രൂപ മുടക്കി 12 മീറ്റര്‍ വീതിയില്‍ അന്താരാഷട്ര നിലവാരത്തിലാണ് റോഡ് നിര്‍മ്മാണം നടക്കുന്നത്.
റോഡ് വികസനത്തിന് സ്ഥലമെടുപ്പ് തുടങ്ങിയപ്പോള്‍ യാതൊരു ഉപാധിയുമില്ലാതെയാണ് ശിരീഷ് സ്ഥലം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ പലരും സ്ഥലം വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
ഒടുവില്‍ കോണ്‍ട്രാക്ടറും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഒത്തുകളിയില്‍ കൈയ്യേറിയവർക്ക് ഗതാഗത സൗകര്യം ശരിയാക്കി കൊടുത്തിട്ടും സൗജന്യമായി സ്ഥലം നല്‍കിയ ശിരീഷിന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തുകയാണ് ചെയ്തത്.
റോഡില്‍ നിന്ന് ശിരീഷിന്റെ വീട്ടിലേക്ക് ഉള്ള വഴി ഏകദേശം ഒന്നര അടിയോളം താഴ്‌ച്ചയാണ് ബാക്കി ഉള്ളവര്‍ക്കെല്ലാം വഴി ശരിയാക്കിയപ്പോള്‍ ഇവിടം ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം ഗിരീഷിന്റെ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വളരെയേറെ ബുദ്ധിമുട്ടായി ഈ സംഭവം നവ മാധ്യമങ്ങളില്‍ ഇടം പിടിച്ചതോടെ കോണ്‍ട്രാക്ടറും ജീവനക്കാരും വൈരാഗ്യം തീര്‍ക്കാന്‍ മുട്ടന്‍ കല്ലുകളും കുപ്പിച്ചില്ലുകളും അടങ്ങുന്ന വേസ്റ്റുകൊണ്ട് വഴിയിലിട്ട് സഞ്ചാരം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
റോഡ് വികസനത്തിന് യാതൊരു ഉപാധിയും കൂടാതെ ഭൂമി വിട്ടു നല്‍കി മാതൃക കാട്ടിയ ശിരീഷിന്റെ കുടുംബം നേരിടുന്ന വിഷമതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.
വികസനത്തിന് വസ്തു വിട്ടു കൊടുക്കാന്‍ തയ്യാറാകാത്ത ചിലര്‍ക്കൊപ്പം ശിരീഷ് നിലപാട് സ്വീകരിക്കാത്തതിലുള്ള അസഹിഷ്ണുതയാണ് മനുഷ്യത്വരഹിതമായ ഈ നടപടിയെന്നും ഇതിന് ചില ഉദ്യോഗസ്ഥരെ ഇവര്‍ സ്വാധീനിച്ചിട്ടുണ്ടെന്നുമാണ് ജനസംസാരം.
















