ലവണാസുരന്റെ രാജധാനിയായ മധുപുരത്തിലെ ഗോപുരദ്വാരത്തിലെത്തിയ ശത്രുഘ്നന്‍ ലവണാസുരന് ഭക്ഷണംതേടി പുറത്തുപോയിരിക്കുന്നുവെന്നു മനസ്സിലാക്കി കാത്തുനിന്നു. ശത്രുഘ്നന്‍ തന്നോടു യുദ്ധത്തിനുവന്നതാണെന്നറിഞ്ഞ മധുപുത്രന്‍ കോപിച്ച് ടാന്‍ അകത്തുപോയി ആയുധം ധരിച്ചുവരാമെന്നും അതുവരെ കാത്തുനില്‍ക്കണമെന്നും മധുപുത്രന്‍ ആവശ്യപ്പെട്ടു. ശ്രീരാമന്റെ നിര്‍ദ്ദേശം ഓര്‍മ്മിച്ച ശത്രു
ഘ്നന്‍ ലവണനെ അകത്തുകയറാന്‍ അനുവദിച്ചില്ല. അവര്‍ തമ്മില്‍ ഘോരയുദ്ധം നടന്നു. രഘുനായകന്‍ നല്കിയ അസ്ത്രം പ്രയോഗിച്ച് ലവണാസുരനെ വധിച്ചു. മഹര്ഷിമാര്ക്ക് വളരെ സന്തോഷമായി. ആസ്ഥലത്ത് താമസിച്ച ലക്ഷ്മണന് നാലുവര്‍ഷം കൊണ്ട് അവിടെ മനോഹരമായ ഒരു നഗരം നിര്‍മ്മിച്ചു. അതാണ് മഥുരാപുരി. അവിടത്തെ രാജാവായി ശത്രുഘ്നനെത്തന്നെ ശ്രീരാമന് നിയോഗിച്ചു.
അടുത്തത് ശംബൂകന്റെ മോക്ഷപ്രാപ്തിയാണ് അതുകഴിഞ്ഞ് സുദേവചരിതം.
സുദേവചരിതം
ശംബൂകനു മോക്ഷം കൊടുത്തശേഷം ദേവേന്ദനും മറ്റുമുനിമാരും ചേര്‍ന്ന് അഗസ്ത്യമുനി നടത്തിവന്ന മഹായാഗത്തിന്റെ പരിസമാപ്തിക്ക് അഗസ്ത്യാശ്രമത്തിലേക്കു പോകാന്‍ തീരുമാനിച്ചു. ശ്രീരാമനെക്കൂടി അങ്ങോട്ടു ക്ഷണിച്ചു. എല്ലാവരും പുഷ്പകവിമാനത്തില്‍ കയറി അഗസ്ത്യാശ്രമത്തിലെത്തി. മുനി എല്ലാവരേയും പൂജിച്ചു. ശ്രീരാമന് മഹര്‍ഷി വിചിത്രകരമായ ഒരാഭരണം കാണിച്ചുകൊടുത്തു. വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച ആ ആഭരണം ശ്രീരാമനു സമ്മാനിക്കണം എന്ന് മഹര്‍ഷി ആഗ്രഹിച്ചിരുന്നു. ഇതെവിടെനിന്നു കിട്ടിയെന്ന് രാമന് ചോദിച്ചപ്പോള്‍ മുനി സുദേവന്റെ ചരിതം വിവരിച്ചു.
ത്രേതായുഗത്തില്‍ ഒരു നാള് ആഗസ്ത്യന്‍ ദണ്ഡകവനത്തില്‍ചെന്നു. വനമധ്യത്തില്‍ ഒരു തടാകവും അതില്‍ കിടക്കുന്ന ഒരു മനുഷ്യശവവും കണ്ട് വിസ്മയിച്ചു. മഹര്‍ഷി അവിടെ നില്ക്കുന്ന സമയത്ത് ആകാശത്തില്‍ നിന്നും ഒരു വിമാനം പ്രത്യക്ഷപ്പെട്ടു. അതില്‍ ഗന്ധര്‍വ്വനെപ്പോലെ സുന്ദരനായ ഒരു പുരുഷനുമുണ്ടായിരുന്നു. അയാള്‍ വിമാനത്തില്‍ നിന്നിറങ്ങി തടാകത്തിനടുത്തേക്കുചെന്നു. അതില്‍ കിടന്ന ശവം തിന്നിട്ട് ദേഹശുദ്ധിവരുത്തി. അപ്പോള്‍ ഞാന്‍ ചോദിച്ചു.
മാനുഷശവമിതു ഭക്ഷിക്കയില്ലാരുമേ
എന്തൊരു കഷ്ടം ഭവാന് ദേവസന്നിഭനെന്നാ-
ലെന്തുകാരണം ശവം ഭക്ഷിപ്പാന്‍ ചൊല്ലീടണം.
ഇതുകേട്ട് ആ ദിവ്യപുരുഷന് പറഞ്ഞു. വിദര്‍ഭരാജ്യത്ത് സുദേവന് എന്നൊരുരാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് രണ്ടുപുത്രന്മാരുണ്ടായിരുന്നു. അതില്‍ മൂത്തവനായ ശ്വേതനാണ് ഞാന്‍. അനുജന് സുരഥന്. പിതാവു മരിച്ചപ്പോള്‍ ഞാന്‍ രാജാവായി. കുറെനാള്‍ രാജ്യഭാരം ചെയ്തപ്പോള്‍ എനിക്കു വിരക്തിവന്നു. തപസ്സുചെയ്തു മുക്തിപ്രാപിക്കണം എന്നു നിശ്ചയിച്ച് അനുജന് സുരഥനെ രാജാവാക്കി വാഴിച്ചു. ഞാന്‍ വനത്തില്‍ വന്നു തപസ്സുചെയ്തു. അനേകകാലം തപസ്സുചെയ്ത പുണ്യത്താല്‍ സ്വര്‍ഗ്ഗംപൂകി. എന്നാല്‍ അവിടെ എനിക്ക് ആഹാരമൊന്നും ഇല്ലായിരുന്നു. വിശപ്പും ദാഹവും കൊണ്ട് ആര്‍ത്തനായ ഞാന്‍ ബ്രഹ്മദേവനോടു പരാതി പറഞ്ഞു. സ്വര്‍ഗ്ഗത്തില്‍ ആഹാരം കിട്ടാതിരിക്കാന്‍ ഞാന്‍ ചെയ്ത പാപമെന്താണ് എന്നു ചോദിച്ചു. അപ്പോള്‍ ബ്രഹ്മാവു പറഞ്ഞു. നീ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും അന്നം ദാനം ചെയ്തിട്ടില്ല. അന്നം കൊണ്ട് നിന്റെ ശരീരം പോഷിപ്പിച്ചു. അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ ഭക്ഷണം കിട്ടാന്‍ അര്‍ഹതയില്ലാതായി. നിന്റെ മനുഷ്യശവം അവിടെ തടാകത്തില്‍ കിടക്കുന്നുണ്ട്. നിത്യവും പോയി അതു ഭക്ഷിച്ചോളൂ. അതിന് നല്ല സ്വാദുണ്ടാകും. നീ തിന്നുന്തോറും ഒരിക്കലും അതിനു കേടുവരികയുമില്ല. അഗസ്ത്യമുനി നിന്നെക്കണ്ട് ശവം തിന്നരുതെന്നു വിലക്കുമ്പോള്‍ നിനക്കു ശാപമുക്തി ലഭിക്കും. ഇപ്രകാരം ബ്രഹ്മാവിന്റെ വാക്കുകേട്ട് ഞാന്‍ നിത്യവും വന്ന് ഈ ശവം ഭക്ഷിക്കുന്നു. അങ്ങ് അഗസ്ത്യമുനിയാണ്. എനിക്ക് ശാപമോചനം നല്‍കണം.’അപ്രകാരം പറഞ്ഞ് വിശിഷ്ടമായ ഈ ആഭരണം എനിക്കു തന്നിട്ട് രാജാവു പോയി. പിന്നീട് ശവം അപ്രത്യക്ഷമായി. ആ ആഭരണമാണ് ഇത്.
ദണ്ഡകവനത്തിന്റെ കഥ
ദണ്ഡകവനത്തില്‍ ജന്തുശൂന്യമാകാന്‍ കാരണം എന്തെന്ന് ശ്രീരാമന് ചോദിച്ചപ്പോള്‍ ഇക്ഷ്വാകുവിന്റെ പുത്രനായ ദണ്ഡന് എന്ന രാജാവിന്റെ കഥ മഹര്‍ഷി വിവരിച്ചു. ദണ്ഡന് വിന്ധ്യാചലത്തില്‍ നൂറുയോജന വിസ്താരമുള്ള ഒരു രാജ്യമുണ്ടാക്കി സുഖമായി വസിച്ചു. ശുക്രാചാര്യനെ ഗുരുവാക്കി അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം രാജ്യം ഭരിച്ചുവന്നു. ഒരു ചൈത്രമാസത്തില്‍ ഗുരുവിനെ വന്ദിക്കാനായി ആശ്രമത്തിലേക്കുചെന്നു. പര്‍ണ്ണശാലയില്‍ കളിച്ചുകൊണ്ടുനിന്ന ഒരു കന്യകയെക്കണ്ട് കാമപീഡിതനായി. അവളെ പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ താന്‍ പിതാവിന്റെ സ്വത്താണെന്നും അച്ഛന്റെ അനുവാദത്തോടെ തന്നെ സ്വീകരിക്കണമെന്നും കന്യക അറിയിച്ചു. എന്നാല്‍ രാജാവ് അതുകേള്‍ക്കാതെ അവളെ ബലാല് പ്രാപിച്ചു. അതുകഴിഞ്ഞ് ശുക്രാചാര്യര്‍ വരുന്നതിനു മുമ്പ് സ്ഥലംവിട്ടു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: