ജമ്മു കശ്മീര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാട് എത്രമാത്രം ദേശവിരുദ്ധവും അപകടം പിടിച്ചതുമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണഘടനയിലെ അനുഛേദം 370 സൃഷ്ടിച്ച ദോഷങ്ങള്‍ പരിഹരിക്കാനും കശ്മീരിനെ രക്ഷിക്കാനും നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ കുറെ മതമൗലിക വാദികളുടെയും വിഘടനവാദികളുടെയും പാക്കിസ്ഥാന്റെയും നിലപാടുകള്‍ക്ക് സമാനമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
കോണ്‍ഗ്രസ് നേതാക്കളും അവരുടെ സ്വന്തമായ മാധ്യമ പ്രവര്‍ത്തകരും മാധ്യമങ്ങളും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ പാക്കിസ്ഥാന് വാര്‍ത്തയാക്കിയത് ഉദാഹരണം. ചൈനയും പാക്കിസ്ഥാനും ഒഴിച്ചുള്ള ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യക്കൊപ്പം നിന്നപ്പോഴാണ് ഇക്കൂട്ടര്‍ ഇതൊക്കെ കാട്ടിക്കൂട്ടിയത്. കശ്മീരിലാവട്ടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് വേഗത്തില്‍ നീങ്ങുകയും ചെയ്യുന്നു. പാക്കിസ്ഥാനും കോണ്‍ഗ്രസും തീവ്രവാദികളും ഇവിടെ പരാജയപ്പെടുന്നത് ലോകം കാണുന്നു.
യഥാര്‍ഥത്തില്‍ പാക്കിസ്ഥാന് ജമ്മു കശ്മീരിന്റെ കാര്യത്തില്‍ ഒരുറോളുമില്ല. അത് ഇന്ത്യയുടെ സ്വന്തമാണ്. 1947ല്‍ കശ്മീര്‍ മഹാരാജാവ് തന്റെ രാജ്യത്തെ പൂര്‍ണ്ണമായി ഇന്ത്യയിലാണ് ലയിപ്പിച്ചത്. പാക്കിസ്ഥാന് പിന്നീട് കടന്നുകയറി കുറെ ഭൂപ്രദേശം കയ്യടക്കി. അതാണ് പാക് അധീന കശ്മീര്‍. അത് വീണ്ടെടുക്കുമെന്നത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടുമാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് ഏകകണ്ഠമായിട്ട് അത് പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞദിവസം സംശയലേശമന്യേ അമിത് ഷാ അക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു. അപ്പോള്‍പ്പിന്നെ കശ്മീരില്‍ ഇന്ത്യ എന്ത് ചെയ്താലും മറ്റുള്ളവര്‍ക്ക് എന്ത് കാര്യം? ഭീകരവാദികളെയും വിഘടനവാദികളെയും ചെല്ലും ചെലവും കൊടുത്ത് നിലനിര്‍ത്തുന്നത് പാക്കിസ്ഥാനാണ്. അവിടെ ഭരണഘടനാനുസൃതമായി എന്തും ചെയ്യാനുള്ള അവകാശം ഇന്ത്യക്കുണ്ട്. ആ അവകാശമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കാണിച്ചുതന്നത്.
ഇസ്ലാമബാദ് തീരുമാനിച്ചത് അതിനെ സ്വന്തം കാര്യമായി എടുക്കാനാണ്. അതാണ് അവര്‍ക്കുപറ്റിയ പാളിച്ച. ഒരുപക്ഷെ അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവേകശൂന്യമായ പ്രസ്താവനയുടെ ബലത്തിലാവാം അവര്‍ അങ്ങനെ ചിന്തിച്ചത്. വാഷിംഗ്ടണ്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പാക്കിസ്ഥാന് ധരിച്ചിരിക്കാം. എന്നാല്‍ അമേരിക്ക ഇന്ത്യന്‍ നിലപാട് അംഗീകരിച്ചു.
ആഭ്യന്തര-രാഷ്ട്രീയ സമ്മര്‍ദ്ദം പാക് ഭരണകൂടത്തിനുണ്ടാവാം. അതുകൊണ്ടാവണം, ചില വിവേകരഹിത നടപടികള്‍ പാക്കിസ്ഥാന് സ്വയം പ്രഖ്യാപിച്ചത്. ഇസ്ലാമബാദിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചയക്കാന്‍, നയതന്ത്ര ബന്ധം ലഘൂകരിക്കാന്‍, പരസ്പര വാണിജ്യം നിര്‍ത്താന്‍, ആഗസ്റ്റ് 14ന് കശ്മീര്‍ ദിനമായി ആചരിക്കാന്‍ എന്നിങ്ങനെ. അതിന് പിന്നാലെ ലാഹോര്‍ ബസ്, ഇന്ത്യ-പാക് സര്‍വീസ് നടത്തുന്ന രണ്ട് തീവണ്ടികള്‍ എന്നിവയൊക്കെ അവര്‍ നിര്‍ത്തി. നയതന്ത്ര ബന്ധം തന്നെ ഉപേക്ഷിക്കാനുള്ള പുറപ്പാടിലാണ് പാക്കിസ്ഥാന്. ഇതൊക്കെ ശരിയല്ല, പരസ്പര ചര്‍ച്ചയിലൂടെ തീരുമാനിക്കേണ്ടതാണ്, പുനരാലോചന നടത്തണം എന്ന് ഇന്ത്യ അവരോട് മാന്യമായി പറഞ്ഞിട്ടുണ്ട്.
പാക്കിസ്ഥാന് സ്വീകരിച്ച നടപടികള്‍ എന്തെങ്കിലും ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ? വാണിജ്യരംഗത്ത് എംഎഫ്എന്‍ (മോസ്റ്റ് ഫെവേര്‍ഡ് നേഷന്‍) പദവി നേരത്തെ ഇന്ത്യ പാക്കിസ്ഥാന് നല്‍കിയിരുന്നു. അത് പിന്നീട് പിന്‍വലിച്ചു. ഇന്ത്യ-പാക് വാണിജ്യം ഇന്നിപ്പോള്‍ ഏറെ നടക്കുന്നത് ദുബായ് മുഖേനയാണ്. അതൊന്നും തടസപ്പെടാന്‍ പോകുന്നില്ല. ഇതിനെക്കുറിച്ച് ഒരു മുന്‍ നയതന്ത്ര വിദഗ്ദ്ധന് പറഞ്ഞത്, വിരാട് കോഹ്ലി ഒരു ഇന്‍സ്റ്റാഗ്രാം പരസ്യത്തിന് സ്വീകരിക്കുന്നത്ര പണംപോലും ഇതുകൊണ്ട് ഇന്ത്യക്ക് നഷ്ടമാവില്ല എന്നാണ്. ഇതൊക്കെ മുഖം രക്ഷിക്കാനുള്ള ഇമ്രാന് ഖാന് സര്‍ക്കാരിന്റെ നീക്കമായിട്ട് കണ്ടാല്‍ മതി.
നയതന്ത്ര തലത്തില്‍ ഒറ്റപ്പെട്ട, വിവരംകെട്ട നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് സ്വയം പ്രതിസന്ധിയിലായ പാക് സര്‍ക്കാരിനൊപ്പം നില്ക്കാന് എന്തിനാണ് കോണ്‍ഗ്രസ് തയ്യാറായത്? രാഹുല്‍ ഗാന്ധിയും പാക്കിസ്ഥാനും വിഘടനവാദികളുമൊക്കെ പറഞ്ഞത് ഒന്നുതന്നെയാണ്. കശ്മീര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ്, നെഹ്റുവിന്റെ കാലം മുതലേ കുറെയേറെ അപകടങ്ങള്‍ കാണിച്ചിട്ടുണ്ട്. അനുഛേദം 370 ഭരണഘടനയില്‍ കയറിക്കൂടിയതുപോലും ആ സംശയാസ്പദ നിലപാട് കൊണ്ടാണല്ലോ. ‘അതിനി അനാവശ്യമാണ്’ എന്ന് നെഹ്റുതന്നെ പിന്നീട് പാര്‍ലമെന്റില്‍ സമ്മതിക്കുകയും ചെയ്തു. ആ തെറ്റാണ് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തിരുത്തിയത്. അതിന്റെകൂടെ നില്ക്കാമായിരുന്നില്ലേ കോണ്‍ഗ്രസിന്?
ഇവിടെ കോണ്‍ഗ്രസിലെ വലിയൊരു ഭാഗം ദേശീയ താത്്പര്യത്തിനൊപ്പം നിന്നത് നാം കണ്ടു. ജ്യോതിരാദിത്യ സിന്ധ്യ, ദീപേന്ദര്‍ ഹൂഡ, മിലിന്ദ് ദേവ്റ, ജിതിന് പ്രസാദ്, ആര്‍പിഎന്‍ സിങ്, ജ്യോതി മിര്‍ധ, രണ്‍ജീത് രഞ്ജന്‍, അദിതി സിങ് എന്നിവരാണ് അക്കൂട്ടത്തില്‍ പ്രധാനികള്‍. അവരെല്ലാവരും പരസ്യമായിത്തന്നെ നിലപാടെടുത്തു. കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചു. അതിനേക്കാളുപരി, മുന്‍ കശ്മീര്‍ രാജാവ് ഹരി സിംഗിന്റെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിങ് ഈ നടപടിയെ പിന്തുണച്ചു. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെയും മുസ്ലിം ലീഗിന്റെയും നിലപാട് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്? മുസ്ലിം ലീഗ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് രാഹുല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്നാണ് ചിലര്‍ പറയുന്നത്. ഇന്ത്യയുടെ ഭാവിയല്ല വയനാട് മണ്ഡലത്തെയാണ് രാഹുല്‍ മനസ്സില്‍ കണ്ടത് എന്നര്‍ഥം. കശ്മീര്‍ പ്രശ്നത്തില്‍ തീരുമാനമെടുത്തപ്പോള്‍ കരണ്‍ സിംഗിനെപ്പോലും വിശ്വാസത്തിലെടുത്തില്ല കോണ്‍ഗ്രസ്.
തങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് മാറ്റില്ലെന്നും പുറത്തുപോകേണ്ടവര്‍ക്ക് പോകാമെന്നുമാണ് ഏറ്റവുമൊടുവില്‍ രാഹുല്‍ പറഞ്ഞത്. അത് ഇന്ത്യക്കൊപ്പവും കശ്മീരിനൊപ്പവും നിലകൊണ്ടവര്‍ക്കുള്ള അറിയിപ്പാണ്. മുകളില്‍ സൂചിപ്പിച്ച നേതാക്കള്‍ ഇനി എന്താണ് ചെയ്യുക. അവര്‍ നിലപാട് മാറ്റി ദേശവിരുദ്ധ പക്ഷത്ത് അണിനിരക്കുമോ? കരണ്‍ സിംഗിനെപ്പോലുള്ളവര്‍ക്ക് കശ്മീര്‍ വിഷയത്തില്‍ വൈകാരികമായ ബന്ധവും സ്ഥാനവുമുണ്ടല്ലോ. ആ ഭൂപ്രദേശത്തെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കറുടെ സാന്നിധ്യത്തില്‍ മഹാരാജ ഹരിസിങ് തീരുമാനമെടുക്കുമ്പോള്‍ തൊട്ടരികില്‍ ഉണ്ടായിരുന്ന ആളാണ് കരണ്‍ സിങ്. അദ്ദേഹത്തിന് ഇനിയും കോണ്‍ഗ്രസില്‍ തുടരാനാവുമോ? ജ്യോതിരാദിത്യ സിന്ധ്യയെ പോലുള്ളവര്‍ എന്താണ് പറയുക ജനങ്ങളോട്? പാക്കിസ്ഥാന് വേണ്ടി എന്നവണ്ണം നിലകൊള്ളാന്‍ അവര്‍ക്കാവുമോ?
കശ്മീര്‍ ഏതാണ്ടൊക്കെ സാധാരണ നിലയിലേക്ക് നീങ്ങിക്കഴിഞ്ഞു. സ്കൂളുകള്‍ തുറന്നു, സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനക്ക് ആളുകള്‍ കൂട്ടമായി എത്തി. കടകള്‍ തുറക്കുന്നുമുണ്ട്. പക്ഷെ ചില മുന്‍കരുതലുകള്‍ കൂടിയല്ലേ തീരൂ. കുറെയധികം അര്‍ധസൈനികര്‍ അവിടെ ഡ്യൂട്ടിയിലുണ്ട്. അത് കശ്മീരി ജനതയ്ക്കുള്ള സുരക്ഷാ ക്രമീകരണമാണ്. ‘മറ്റൊരു പുല്‍വാമ’ക്ക് വഴിയൊരുങ്ങും എന്നൊക്കെ പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നല്ലോ. അത്തരം ചില വിവരക്കേടുകള്‍ക്ക്, പാക്കിസ്ഥാന് തയ്യാറായിക്കൂടായ്കയില്ല. അതിനൊക്കെ ഇറങ്ങിത്തിരിക്കുമ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്കും ബാലാക്കോട്ടും അവര്‍ വിസ്മരിക്കാതിരുന്നാല്‍ നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: